ന്യൂഡൽഹി: വനിതാ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് പിന്നാലെ വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ശക്തമായ വാക്പോര്. ബില്ലിനെ ഉപാധികളില്ലാതെ പിന്തുണയ്ക്കാൻ റിജിജു വെല്ലുവിളിച്ചപ്പോൾ, 2023-ൽ പാസാക്കിയ നിയമം നടപ്പാക്കാൻ എന്തിനാണ് മണ്ഡല പുനർനിർണ്ണയത്തെ കൂട്ടുപിടിക്കുന്നതെന്ന് രാഹുൽ തിരിച്ചുചോദിച്ചു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാഹുലിന്റെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, കോൺഗ്രസ് പാർട്ടി വനിതാ സംവരണ ബില്ലിനെ യാതൊരു ഉപാധികളുമില്ലാതെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ 2023-ൽത്തന്നെ പാർലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ വനിതാ സംവരണ ബിൽ ഇതുവരെ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും ഇതിന്റെ നടപ്പാക്കലിനെ അനാവശ്യമായി മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും രാഹുൽ ഗാന്ധി എക്സ് പോസ്റ്റിലൂടെ ചോദിച്ചു.
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പുനൽകുന്ന 'നാരി ശക്തി വന്ദൻ അിധനിയം 2023' പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നതാണ്. എന്നാൽ സംവരണത്തിന്റെ നടപ്പാക്കൽ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചതിനെതിരെയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുള്ളത്. ഡെലിമിറ്റേഷനുമായി ബന്ധിപ്പിക്കാതെ 2023-ലെ നിയമം ഉടൻ നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടയിൽ, ഇന്ത്യയിലെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ ആവിഷ്കാര സ്വാതന്ത്ര്യം നൽകണമെന്നും പുരുഷാധിപത്യത്തിൽ നിന്നും കർശന നിയന്ത്രണങ്ങളിൽ നിന്നും സ്ത്രീകൾക്ക് മോചനം ലഭിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ജെൻ-സി പ്രതിഷേധക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.