ന്യൂഡൽഹി: മുടി വളർത്തി ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിയായ രേണു ധരിയാൽ ആണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും നീളമുള്ള മുടിയുള്ള വനിതയായി റെക്കോർഡിട്ട രേണുവിന്റെ മുടിക്ക് 271.50 സെന്റിമീറ്റർ (8 അടി 10 ഇഞ്ച്) നീളമുണ്ട്.
2026 ഏപ്രിലിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടത്തിയ പരിശോധനയിലാണ് റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ യുക്രെയ്ൻ സ്വദേശിയായ അലിയ നസിറോവയുടെ റെക്കോർഡാണ് രേണു മറികടന്നത്. നസിറോവയുടെ മുടിക്ക് 257.33 സെന്റിമീറ്റർ (8 അടി 5.3 ഇഞ്ച്) നീളമായിരുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ റോബർട്ട് വാഡ്‌ലോവിന്റെ ഉയരം 272 സെന്റിമീറ്റർ (8 അടി 11.1 ഇഞ്ച്) ആയിരുന്നു. രേണുവിന്റെ മുടിക്ക് വാഡ്‌ലോവിന്റെ ഉയരത്തേക്കാൾ വെറും അര ഇഞ്ചിൽ താഴെ മാത്രമാണ് കുറവ് എന്നുള്ളത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
2015 മുതൽ മുടി മുറിക്കാതെ തുടർച്ചയായി വളർത്തുകയാണെന്ന് രേണു പറയുന്നു. ഇന്ത്യൻ സംസ്കാരത്തിൽ നീളമുള്ള മുടിക്ക് സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രത്യേക സ്ഥാനമുണ്ടെന്നും ഇതാണ് മുടി ഇത്രയും നീളത്തിൽ വളർത്താൻ തന്നെ പ്രചോദിപ്പിച്ചതെന്നും അവർ പറഞ്ഞു.
2015ന് ശേഷം ഒരിക്കൽപ്പോലും മുടി മുറിച്ചിട്ടില്ല എന്നതാണ് രേണുവിന്റെ റെക്കോർഡ് നേട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. സോഷ്യൽ മീഡിയയിൽ സജീവമായ രേണു കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമാണ്. സ്ത്രീകൾക്കായി സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട ടിപ്പുകളും വിവരങ്ങളും അവർ പങ്കുവെക്കാറുണ്ട്.
രേണുവിന്റെ മുടിയുടെ നീളം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലത്ത് ഇരിക്കുമ്പോൾ മുടി പിന്നിലേക്ക് നിലത്ത് അഴഞ്ഞുകിടക്കുന്നതും കിടക്കയുടെ അരികിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നതും, ചിലപ്പോൾ അവർ ഇരിക്കുന്നിടം ചുറ്റിപ്പറ്റി കിടക്കുന്നതും ചിത്രങ്ങളിൽ കാണാം.
നീളം മാത്രമല്ല, മുടിയുടെ കട്ടിയും തിളക്കവും ശ്രദ്ധേയമാണ്. മുടി നിലത്ത് വീഴാതെ സൂക്ഷിക്കേണ്ടിവരുമ്പോൾ രേണു അത് സങ്കീർണമായ രീതിയിൽ പിന്നിയിടാറുണ്ട്. ഇത്രയും നീളമുള്ള മുടി പരിപാലിക്കാൻ വലിയ ക്ഷമയും സമയവും ആവശ്യമാണെന്നും മുടി കഴുകാനും കെട്ടുപിണഞ്ഞ ഭാഗങ്ങൾ അഴിച്ചെടുക്കാനും മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ടെന്നും രേണു പറഞ്ഞു
ക്ഷമയും നിരന്തര പരിചരണവും വർഷങ്ങളോളം മുടി മുറിക്കാതിരുന്നതുമാണ് രേണുവിനെ ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുള്ള ജീവിച്ചിരിക്കുന്ന വനിത എന്ന റെക്കോർഡിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.