ടൊറന്‍റോ: കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയും ഇന്ത്യൻ വിദ്യാർഥികൾക്കിടയിലെ ജനപ്രീതി കുറഞ്ഞുവരികയും ചെയ്യുന്നതിനിടയിൽ 2026ന്‍റെ ആദ്യ ആറുമാസത്തിനുള്ളിൽ മാത്രം കാനഡ നാടുകടത്തിയത് 3,323 ഇന്ത്യൻ പൗരന്മാരെ. കഴിഞ്ഞ വർഷത്തെ റെക്കോർഡിന് തൊട്ടടുത്താണ് ഈ കണക്കുകൾ എത്തിനിൽക്കുന്നത്.
ജനുവരിക്കും ജൂണിനും ഇടയിൽ, 2025 മുഴുവൻ വർഷത്തിൽ നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ (3,779 പേർ) ഏകദേശം 88 ശതമാനത്തോളം ആളുകളെയാണ് കാനഡ പുറത്താക്കിയത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ കാനഡയിൽ നിന്ന് നാടുകടത്തുന്ന വർഷമായി 2026 മാറിയേക്കും. 2021ൽ 603 ഇന്ത്യക്കാരെയും, 2022-ൽ 786 പേരെയും, 2023ൽ 1,132 പേരെയും, 2024ൽ 2,004 പേരെയും കാനഡ നാടുകടത്തിയിരുന്നു.
ഈ വർഷം കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ മെക്സിക്കോയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ ആറുമാസത്തിനുള്ളിൽ 3,323 ഇന്ത്യക്കാരെ പുറത്താക്കിയപ്പോൾ, ഇതേ കാലയളവിൽ 1,573 മെക്സിക്കൻ പൗരന്മാരെയാണ് നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മെക്സിക്കോ ആയിരുന്നു കാനഡയുടെ നാടുകടത്തൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്, ഇന്ത്യ സ്ഥിരമായി രണ്ടാമതായിരുന്നു. അവസാനമായി 2020ലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അന്ന് 1,424 ഇന്ത്യൻ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്.
വിസ കാലാവധി കഴിഞ്ഞും തങ്ങുക, അഭയാർഥി അപേക്ഷകൾ നിരസിക്കപ്പെടുക, കുടിയേറ്റ നിയമങ്ങൾ പാലിക്കാതിരിക്കുക, വിസ തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ കുടിയേറ്റ ലംഘനങ്ങളുടെ പേരിലാണ് ഇന്ത്യൻ പൗരന്മാരെ കാനഡയിൽ നിന്ന് പുറത്താക്കുന്നത്. കുടിയേറ്റം നിയന്ത്രണവിധേയമാക്കാൻ ഒട്ടാവ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനും, പഠന പെർമിറ്റ് നിയമങ്ങൾ കർശനമാക്കാനും, അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മപരിശോധന നടത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, കാനഡയുടെ നാടുകടത്തൽ നടപടികൾ പുരോഗമിക്കുന്നവരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യൻ പൗരന്മാരാണ്.
മൂന്ന് തരത്തിലുള്ള നാടുകടത്തൽ ഉത്തരവുകളാണ് കാനഡ സാധാരണയായി ഉപയോഗിക്കുന്നത്. ഒരു ഡിപ്പാർച്ചർ ഓർഡർ പ്രകാരം വ്യക്തിക്ക് 30 ദിവസത്തിനുള്ളിൽ സ്വമേധയാ രാജ്യം വിടേണ്ടതുണ്ട്. അതിൽ പരാജയപ്പെട്ടാൽ അത് നാടുകടത്തൽ ഉത്തരവായി മാറും. എക്സ്ക്ലൂഷൻ ഓർഡർ പ്രകാരം ഒരു വ്യക്തിക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നു. കാനഡ സർക്കാറിന്‍റെ പ്രത്യേക അനുമതി ലഭിച്ചാലല്ലാതെ റീ-എൻട്രിക്ക് സ്ഥിരമായി വിലക്കേർപ്പെടുത്തുന്നതാണ് ഡിപോർട്ടേഷൻ ഓർഡർ.
യു.എസുമായി താരതമ്യം ചെയ്യുമ്പോഴും കാനഡയുടെ കണക്കുകൾ വളരെ ഉയർന്നതാണ്. ജനുവരി 1 നും ജൂലൈ 22 നും ഇടയിൽ 1,273 ഇന്ത്യൻ പൗരന്മാരെ യു.എസ്. നാടുകടത്തിയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ രണ്ടിരട്ടിയിലധകം ആളുകളെയാണ് വെറും ആറുമാസത്തിനുള്ളിൽ കാനഡ മാത്രം നാടുകടത്തിയത്.
നാടുകടത്തലിലെ കൂടിയതിനു പുറമെ മറ്റൊരു വലിയ മാറ്റത്തിനും കാനഡ സാക്ഷ്യം വഹിക്കുന്നുണ്ട്. കുറച്ചുവർഷം മുമ്പുണ്ടായിരുന്നതുപോലെ ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കാൻ കാനഡക്ക് ഇപ്പോൾ കഴിയുന്നില്ല. കാനഡയുടെ ഓഡിറ്റർ ജനറൽ പാർലമെന്‍റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2025 സെപ്റ്റംബറിൽ ആകെ ഇന്‍റർനാഷനൽ വിദ്യാർഥികളിൽ ഇന്ത്യക്കാരുടെ പങ്ക് വെറും 8.1 ശതമാനം മാത്രമാണ്. 2023ൽ ഇത് 51.6 ശതമാനമായിരുന്നു. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട കണക്കുകളിലും ഈ ഇടിവ് വ്യക്തമാണ്. യൂനിയൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം, കാനഡ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2023ലെ 2,33,532 എന്നതിൽ നിന്ന് 2024ൽ 1,37,608 ആയി 41 ശതമാനം കുറഞ്ഞു.
കർശനമായ കുടിയേറ്റ നയങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, കർശനമായ സാമ്പത്തിക വ്യവസ്ഥകൾ, 2023ലെ ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി എന്നിവയെല്ലാം ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ തേടിയെത്തുന്ന അന്തർദേശീയ വിദ്യാർഥികൾക്ക് മേൽ കാനഡ രണ്ട് വർഷത്തെ പരിധി ഏർപ്പെടുത്തിയ 2024ന്‍റെ തുടക്കമാണ് ഇതിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്ന്. കൂടാതെ, പ്രധാന നഗരങ്ങളിൽ വാടക കുതിച്ചുയർന്നു. സ്റ്റഡി പെർമിറ്റ് നിയമങ്ങൾ കർശനമായി, പാർട്ട് ടൈം ജോലികൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി മാറി. ഇത് വിദ്യാഭ്യാസത്തിനും ജോലിക്കും ഒടുവിൽ സ്ഥിരതാമസത്തിനുമുള്ള മികച്ച പാതയാണോ കാനഡ എന്ന് വിദ്യാർഥികളിൽ സംശയമുണ്ടാക്കി.
സുസ്ഥിരമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി അന്തർദേശീയ വിദ്യാർഥികളുടെ വരവിൽ ഏകദേശം 60 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ടെന്നും കാനഡ കുടിയേറ്റത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മാർക്ക് കാർണി ജൂണിൽ വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് ഡാറ്റ പ്രകാരം, 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അന്തർദേശീയ വിദ്യാർഥികളുടെ വരവിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 60 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. അതായത് ഒന്നര ലക്ഷത്തോളം പുതിയ വിദ്യാർഥികളുടെ കുറവ്. ഈ കുറവ് വർഷം മുഴുവൻ തുടരുകയും ചെയ്തു. 2024 ഓഗസ്റ്റിൽ ഏകദേശം 80,000 ആയിരുന്ന പുതിയ സ്റ്റഡി പെർമിറ്റുകൾ 2025 ഓഗസ്റ്റിൽ 45,000 ആയി കുറഞ്ഞു. ഒക്ടോബറായപ്പോഴേക്കും പുതിയ വിദ്യാർഥികളുടെ വരവ് വെറും 3,000ത്തിന് മുകളിലായി ചുരുങ്ങി.
പാൻഡെമിക് പോലുള്ള മുൻകാല പ്രതിസന്ധികൾ മൂലമുണ്ടായ താത്കാലിക മാറ്റങ്ങൾക്ക് അപ്പുറം, കാനഡയുടെ അന്തർദേശീയ വിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കുന്നതിനുള്ള ബോധപൂർവ്വമായ നയപരമായ മാറ്റങ്ങളാണ് ഈ മന്ദഗതിക്ക് കാരണമെന്നാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് പൊതുവായ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.