മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലും സംഭാവന തുകയിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കഴിഞ്ഞ അഞ്ച് വർഷത്തെ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും റെക്കോഡുകളും ഓഡിറ്റ് ചെയ്ത് പരിശോധിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്.
ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും 2023 മുതൽ 2026 വരെയുള്ള കാലയളവിലെ സംഭാവന സംബന്ധിച്ച വിശദമായ വിവരങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മുൻ വർഷങ്ങളിലെ റെക്കോഡുകൾകൂടി പരിശോധിച്ച് ഉറപ്പുവരുത്താൻ ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടത്. സിദ്ധിവിനായക് ക്ഷേത്രത്തിലെ സംഭാവന തുകയിൽ 18 കോടി രൂപയുടെ ക്രമക്കേട് നടന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ ഒമ്പത് ജീവനക്കാരെ കസ്റ്റടിയിലെടുക്കുകയും ചെയ്തിരുന്നു.
മുംബൈയിൽ സ്ഥിതിചെയ്യുന്ന സിദ്ധിവിനായക് ഗണപതിക്ഷേത്രത്തിൽ വർഷാവർഷം കോടികളാണ് കാണിക്കയായും ട്രസ്റ്റ് ഫണ്ടായും നൽകപ്പെടുന്നത്. ഈ വര്‍ഷം 182 കോടി രൂപയാണ് ക്ഷേത്രത്തിന് ലഭിച്ച സംഭാവന. കഴിഞ്ഞ വര്‍ഷം ഇത് 137 കോടിയായിരുന്നു.
അയോധ്യ രാമക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും നടപടികളും കെട്ടടങ്ങുന്നതിനുമുമ്പ് തന്നെയാണ് മറ്റൊരു സംഭാവനത്തട്ടിപ്പ് അന്വേഷിക്കാൻ പ്രഖ്യാപനം വരുന്നത്. അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ അർപ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കയും സംഭാവന തുകയും അപഹരിക്കപ്പെട്ടതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. പിന്നാലെ, ഉത്തർപ്രദേശ് സർക്കാർ വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സുപ്രീം കോടതി ഇടപെടലോടെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. പണം എണ്ണുന്നതുമായി ബന്ധപ്പെട്ട ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ട്രസ്റ്റ് ഭാരവാഹികളടക്കം നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.