അഹമ്മദാബാദ്: ഗുജറാത്തിലെ സോള സിവിൽ ആശുപത്രിയിൽ ഡോക്ടർ രോഗിയുടെ പിതാവിനെ തല്ലുന്നതും കുട്ടിക്ക് ചികിത്സ നിഷേധിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിലൂടെ പുറത്തായി. സംഭവം സമൂഹ മാധ്യമത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡോക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
ഈ മാസം 26നാണ് സംഭവം. മഞ്ഞ കുർത്ത ധരിച്ച ഡോക്ടർ, കടുത്ത ദേഷ്യത്തിൽ ആഷിക് ഹരിഭായ് ചാവ്ദ എന്നയാൾക്കു നേരെ കയർക്കുന്നതും അയാളെ തല്ലുന്നതും കുട്ടിയെ ചികിത്സിക്കാൻ വിസമ്മതിക്കുന്നതും കാണാം.
മകളെ ചികിൽസക്കായി കൊണ്ടുവന്ന ചാവ്ദയുമായി സംഘർഷത്തിൽ ഏർപ്പെടുന്നത് അയാൾ തന്റെ ഫോണിൽ റെക്കോർഡുചെയ്യാൻ തുടങ്ങിയപ്പോൾ പ്രകോപിതയായ ഡോക്ടർ ‘മൊബൈൽ താഴെ വെക്കൂ’ എന്ന് ചാവ്ദയോട് ആക്രോശിക്കുന്നത് കേൾക്കാം. ‘എന്തിനെന്ന്’ അയാൾ ചോദിച്ചപ്പോൾ അവർ അടുത്തേക്ക് നീങ്ങി കൈ ഉയർത്തി അയാളുടെ മുഖത്തടിച്ചു. സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനെ കാണാമെങ്കിലും അയാൾ ഉടനടി ഇടപെട്ടില്ല. തുടർന്ന് ഡോക്ടർ ചികിത്സ നൽകാൻ വിസമ്മതിക്കുകയും ചാവ്ദ മോശമായി പെരുമാറിയെന്ന് ആരോപിക്കുകയും ചെയ്തു.
‘എക്‌സി’ൽ പ്രചരിച്ച വിഡിയോ ഉപയോക്താക്കളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങി. ഡോക്ടറുടെ പെരുമാറ്റത്തെ പലരും അപലപിച്ചു. അവരെ അറസ്റ്റ് ചെയ്യണമെന്നും മെഡിക്കൽ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സോള സിവിൽ ആശുപത്രിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.