വൈബ്രന്‍റ് ഗുജറാത്ത്: ശൈഖ് മുഹമ്മദിന് അഹമ്മദാബാദിൽ ഊഷ്മള സ്വീകരണം

ദുബൈ: വൈബ്രന്‍റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനായി അഹമ്മദാബാദിൽ എത്തിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഊഷ്മള സ്വീകരണം. സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് മോദിക്കൊപ്പം അഹമ്മദാബാദിൽ നടന്ന റോഡ്ഷോയിലും പങ്കെടുത്തു.

ശൈഖ് മുഹമ്മദിനെ സ്വാഗതം ചെയ്ത് അഹമ്മദാബാദ് തെരുവീഥികളിൽ വലിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. നാടൻ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങിൽ അരങ്ങേറി. റോഡ് ഷോ കടന്നുപോയ ഭാഗങ്ങളിൽ ജനങ്ങൾ ഇന്ത്യയുടെയും യു.എ.ഇയുടെയും പതാകകൾ വീശിക്കൊണ്ടാണ് ഇരുവരെയും സ്വീകരിച്ചത്. തുടർന്ന് സ്വീകരണ ചടങ്ങിന്‍റെ ചിത്രങ്ങൾ മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. തുടർന്ന് ഇരുരാജ്യങ്ങളും വിവിധ രംഗങ്ങളിൽ സഹകരണത്തിന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. 10ാമത് വൈബ്രന്‍റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ശൈഖ് മുഹമ്മദ് എത്തുന്നത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങൾ വഴി മോദി വെളിപ്പെടുത്തിയിരുന്നു. എന്‍റെ സഹോദരൻ ശൈഖ് മുഹമ്മദിന്‍റെ വരവ് വളരെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.

Tags:    
News Summary - Vibrant Gujarat: Sheikh Mohammed receives warm welcome in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.