അയോധ്യാ കേസിൽ വിധി പറഞ്ഞ റിട്ട. ജഡ്ജിമാരിൽ മൂന്നുപേർ ഔദ്യോഗിക പദവികളിൽ

ന്യൂഡൽഹി: അയോധ്യാ കേസിൽ വിധി പറഞ്ഞ റിട്ട. ജഡ്ജിമാരിൽ മൂന്നുപേരും വിരമിച്ചശേഷം ഔദ്യോഗിക പദവികളിൽ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് അയോധ്യ കേസിൽ വിധി പറഞ്ഞത്. ഇവരിൽ രഞ്ജൻ ഗൊഗോയ്, അശോക് ഭൂഷൺ, എസ്.എ അബ്ദുൽ നസീർ എന്നിവരാണ് ഔദ്യോഗിക പദവികളിൽ നിയമിക്കപ്പെട്ടത്.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

അയോധ്യാ കേസിൽ വിധി പറഞ്ഞ ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇപ്പോൾ രാജ്യസഭാംഗമാണ്. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച് നാല് മാസത്തിനുള്ളിലാണ് ജസ്റ്റിസ് ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പുതിയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം ന്യായീകരിക്കുകയാണ് ചെയ്തത്. തനിക്ക് രാജ്യസഭയിലേക്ക് ക്ഷണം ലഭിച്ചപ്പോൾ യാതൊരു മടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് തന്റെ ആത്മകഥയിൽ ഗൊഗോയ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ രാജ്യസഭയിൽ ഉയർത്തുന്നതിനുള്ള അവസരമായാണ് താനിതിനെ കണ്ടതെന്നും ഗോഗോയ് ആത്മകഥയിൽ പറയുന്നുണ്ട്.

അസം സ്വദേശിയായ രഞ്ജൻ ഗൊഗോയ് ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് ഗൊഗോയ്.

ജസ്റ്റിസ് അശോക് ഭൂഷൺ

ബെഞ്ചിലെ മറ്റൊരു ജഡ്ജിയായിരുന്ന ജസ്റ്റിസ് അശോക് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പെല്ലറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ചെയർപേഴ്‌സൺ ആയാണ് നിയമിക്കപ്പെട്ടത്. 2020 മാർച്ചിൽ ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ വിരമിച്ചിച്ച ശേഷം 19 മാസങ്ങൾക്ക് ശേഷമാണ് 2021 ഒക്ടോബർ 30ന് ജസ്റ്റിസ് അശോക് ഭൂഷണെ ചെയർപേഴ്‌സണായി നിയമിച്ചത്.

2016-ലാണ് അശോക് ഭൂഷൺ സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്. ഉത്തർപ്രദേശിലെ ജൗൺപൂരിൽ 1956-ലാണ് അദ്ദേഹം ജനിച്ചത്. അലഹാബാദ് സർവകലാശാലയിൽനിന്ന് നിയമബിരുദം നേടി. 1979 മുതൽ അലഹാബാദ് കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 2001 ഏപ്രിൽ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2015 മാർച്ച് മുതൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2021 ജൂലൈയിലാണ് ജസ്റ്റിസ് ഭൂഷൺ സുപ്രിംകോടതിയിൽനിന്ന് വിരമിച്ചത്. വിരമിച്ച് മൂന്ന് മാസത്തിനുള്ളിലാണ് അദ്ദേഹം പുതിയ പദവിയിൽ നിയമിതനായത്.

ജസ്റ്റിസ് എസ്. അബ്ദുൽ നസീർ

അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ മറ്റൊരു അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ഇന്നാണ് ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചത്. ബെഞ്ചിലെ ഏക മുസ് ലിം അംഗമായിരുന്ന ജസ്റ്റിസ് നസീർ 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക ഹൈക്കോടതിയിൽനിന്ന് 2017 ഫെബ്രുവരിയിലാണ് അദ്ദേഹം സുപ്രിംകോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്.

ബാബരി കേസിന് പുറമെ സ്വകാര്യതക്കുള്ള അവകാശം കൈകാര്യം ചെയ്ത കെ.എസ് പുട്ടസ്വാമി കേസ്, മുത്തലാഖ് കേസ്, നോട്ട് നിരോധനം, ജനപ്രതിനിധികളുടെ പ്രസംഗത്തിന് അധിക നിയന്ത്രണം ആവശ്യമാണോ തുടങ്ങിയ കേസുകളിലും വിധി പറഞ്ഞത് ജസ്റ്റിസ് അബ്ദുൽ നസീർ അടങ്ങിയ ബെഞ്ചാണ്.

നോട്ട് നിരോധനം ശരിവെച്ച ഭരണഘടനാ ബെഞ്ചിനെ നയിച്ചതും ജസ്റ്റിസ് നസീറായിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ശേഷമാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നായിരുന്നു കേസിലെ ഭൂരിപക്ഷ വിധി.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായി വിരമിച്ചു. 2021 ഏപ്രിൽ 23-നാണ് അദ്ദേഹം വിരമിച്ചത്. ഇതിന് പിന്നാലെ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തി ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജസ്റ്റിസ് ബോബ്‌ഡെ വിരമിച്ചതിന് ശേഷം മറ്റു പദവികളിലൊന്നും നിയമിക്കപ്പെട്ടിട്ടില്ല.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്‌

അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നിലവിലെ ചീഫ് ജസ്റ്റിസായ ഡി.വൈ ചന്ദ്രചൂഡ് മാത്രമാണ് ഇപ്പോൾ സർവീസിലുള്ളത്. 2024 നവംബർ 11നാണ് അദ്ദേഹം സർവീസിൽനിന്ന് വിരമിക്കുക.

Tags:    
News Summary - who delivered the verdict in the Ayodhya case, Three of the judges are now in official posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.