വെല്ലൂർ: അത്യപൂർവ്വമായ ഒരു യാത്രയയപ്പിനാണ് കഴിഞ്ഞദിവസം വെല്ലൂർ പോസ്റ്റോഫീസ് സാക്ഷിയായത്. 22 വർഷം തപാൽ വകുപ്പിനായി ഓടിയ മാരുതി ജിപ്സിക്കാണ് പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥർ ചേർന്ന് യാത്രയയപ്പ് നൽകിയത്. പോസ്റ്റോഫീസ് സൂപ്രണ്ടിന്‍റെ ഇന്‍സ്‌പെക്ഷന്‍ വാഹനമായി ഉപയോഗിച്ചിരുന്ന ജിപ്‌സി സേവനം പൂർത്തിയാക്കി മടങ്ങുന്ന വേളയിലായിരുന്നു ഇത്.
ഇതിന്‍റെ ഭാഗമായി മാല ചാര്‍ത്തി വാഹനം അലങ്കരിക്കുകയും ജീവനക്കാര്‍ വാഹനത്തിന് സല്യൂട്ട് അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം വിതരണവും നടന്നു. 1999 മാര്‍ച്ച് 24നാണ് വകുപ്പിനായി ജിപ്‌സി വാങ്ങുന്നത്. കഴിഞ്ഞ 22 വര്‍ഷത്തിനുള്ളില്‍ 25 സൂപ്രണ്ടുമാര്‍ ഈ വാഹനം ഉപയോഗിച്ചു. മലയോര പ്രദേശങ്ങളിലെ പോസ്റ്റോഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് അവരുടെ പ്രധാന ആശ്രയം ഈ വാഹനമായിരുന്നു.
'സാധാരണ പോസ്റ്റോഫീസുകളിൽ ഇത്തരം കീഴ്വഴക്കങ്ങൾ ഇല്ല. പക്ഷേ, ഈ വാഹനവുമായുള്ള ഞങ്ങളുടെ വൈകാരിക ബന്ധത്തെ തുടർന്നാണ് ഈ യാത്രയയപ്പ് സംഘടിപ്പിച്ചത്. ഉൾപ്രദേശങ്ങളിലും മലമുകളിലുമൊക്കെ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചിരുന്ന വാഹനമാണിത്. ഞാൻ കഴിഞ്ഞ മൂന്നുവർഷം ഇതിൽ യാത്ര ചെയ്തു' -വെല്ലൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി. കോമൾ കുമാർ പറയുന്നു.
22 വര്‍ഷത്തെ ഓട്ടത്തിനിടെ ഈ വാഹനത്തിന് ഒരു അപകടം പോലും ഉണ്ടായിട്ടില്ലെന്ന് 14 വർഷമായി ഇത് ഓടിക്കുന്ന പി. ശേഖർ പറഞ്ഞു. 'ഇപ്പോൾ ഞങ്ങൾക്ക് പുതിയ ജീപ്പ് കിട്ടി. പക്ഷേ, ഒരു ദശകത്തിലേറെ എന്നോടൊപ്പം ജോലി ചെയ്ത ഒരു സഹപ്രവർത്തകൻ പിരിഞ്ഞുപോകുന്ന പോലുള്ള അനുഭവമാണ് ഇപ്പോൾ എനിക്ക്' -അദ്ദേഹം പറഞ്ഞു. പോസ്റ്റല്‍ വകുപ്പിന്‍റെ നിയമം അനുസരിച്ച് ജിപ്‌സി മെയില്‍ മോട്ടോര്‍ സര്‍വീസിന് കൈമാറും. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് പൊളിക്കുമെന്നും കോമൾ കുമാർ പറഞ്ഞു.
1985ലാണ് മാരുതി ജിപ്‌സി പുറത്തിറക്കിയത്. ഓഫ് റോഡ് ഉപയോഗത്തിനുള്ള കരുത്തുണ്ടായിരുന്ന ജിപ്‌സി അക്കാലത്തെ ജനപ്രിയ വാഹനമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് നിരത്തൊഴിഞ്ഞ ഈ വാഹനം ഇപ്പോള്‍ സൈന്യത്തിന് മാത്രമായാണ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.