റാഞ്ചി(ഝാർഖണ്ഡ്): ആഡംബര ജീവിതത്തിനും കാമുകന് പണം നൽകുന്നതിനും തടസ്സമായി നിന്ന വളർത്തമ്മയെ 17കാരി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. റാഞ്ചി മണിറ്റോള സ്വദേശിനി നഹിദ പർവീൺ (45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ദത്തുപുത്രിയെയും കാമുകൻ അർബാസ് ഖാൻ (20), സുഹൃത്ത് എന്നിവരെയും പൊലീസ് പിടികൂടി.
കുളിമുറിയിൽ വീണു മരിച്ചതാണെന്ന് വരുത്തിത്തീർത്ത് മൃതദേഹം സംസ്കരിച്ചെങ്കിലും ബന്ധുക്കളുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വൈദ്യുതി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന നഹിദയുടെ ഭർത്താവ് നാല് വർഷം മുമ്പാണ് മരിച്ചത്. ഇതേത്തുടർന്ന് ആനുകൂല്യമായി ലഭിച്ച 45 ലക്ഷം രൂപ നഹിദയുടെ പക്കലുണ്ടായിരുന്നു. മകളെയായിരുന്നു തുകയുടെ നോമിനിയായി നിശ്ചയിച്ചിരുന്നത്. ഈ പണം കൈക്കലാക്കാനും അമ്മയുടെ മരണശേഷം കാരുണ്യനിയമനത്തിലൂടെ ജോലി നേടിയെടുക്കാനുമാണ് പെൺകുട്ടി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പതിവായി ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച് പെൺകുട്ടി കാമുകന് നൽകുമായിരുന്നു. ഇത് നഹിദ തടഞ്ഞതോടെയാണ് മകളും കാമുകനും ചേർന്ന് ഇവരെ വകവരുത്താൻ തീരുമാനിച്ചത്. 12 ലക്ഷം രൂപക്കാണ് കാമുകന്റെ സുഹൃത്തുക്കൾക്ക് പെൺകുട്ടി കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത്.
ഏപ്രിൽ 24നായിരുന്നു നാടിനെ നടുക്കിയ സംഭവം. നഹിദ ഉറങ്ങിക്കിടക്കുമ്പോൾ മകളുടെ സഹായത്തോടെ വീട്ടിലെത്തിയ അർബാസും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഒരാൾ തലയിണ ഉപയോഗിച്ച് വായ അമർത്തുകയും മറ്റുള്ളവർ കൈകാലുകൾ പിടിച്ചുവെക്കുകയും ചെയ്തു.
ഇതിനിടെ നടന്ന മൽപ്പിടുത്തത്തിൽ നഹിദയുടെ കഴുത്തിൽ മാരകമായി പരിക്കേറ്റു.മരണം ഉറപ്പാക്കിയ ശേഷം പുലർച്ചെ വരെ മൃതദേഹം ഡീപ് ഫ്രീസറിൽ ഒളിപ്പിച്ചു. പിന്നീട് രക്തം പുരണ്ട വിരിപ്പുകളും മറ്റും മാറ്റിയ ശേഷം നഹിദ കുളിമുറിയിൽ വീണു മരിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു.
മരണവിവരമറിഞ്ഞ് യു.പിയിൽ നിന്നും ഹസാരിബാഗിൽനിന്നും എത്തിയ ബന്ധുക്കൾക്ക് കഴുത്തിലെ പാടുകളിൽ സംശയം തോന്നിയിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം പെൺകുട്ടിയിലേക്ക് നീങ്ങിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബീഹാറിലെ ഗയയിൽനിന്നാണ് കാമുകനെയും സുഹൃത്തിനെയും പിടികൂടിയത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.