ന്യൂഡൽഹി: ബലാത്സംഗത്തിനിരയായവർക്ക് ഗർഭച്ഛിദ്രം നടത്തുന്നതിന് നിലവിലുള്ള സമയപരിധി ഒഴിവാക്കണമെന്ന് സുപ്രീം കോടതി. 15 വയസ്സുകാരിയായ അതിജീവിതയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം. ഗർഭച്ഛിദ്രം നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അതിജീവിതയും മാതാപിതാക്കളുമാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബലാത്സംഗത്തിലൂടെയുണ്ടായ ഗർഭം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവൾ അനുഭവിച്ച ക്രൂരതയുടെ ആഘാതം വർദ്ധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. "ഇത് 15 വയസ്സുള്ള ഒരു കുട്ടിയുടെ ആഗ്രഹിക്കാത്ത ഗർഭധാരണമാണ്. പഠിക്കേണ്ട പ്രായത്തിൽ ആ കുട്ടിയെ നിർബന്ധിച്ച് അമ്മയാക്കാൻ പാടില്ല. ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും നമ്മൾ ചിന്തിക്കണം. ഇത്തരമൊരു ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല," ബെഞ്ച് വ്യക്തമാക്കി.
നിലവിൽ 20 ആഴ്ച വരെയാണ് ഗർഭച്ഛിദ്രത്തിന് നിയമപരമായ അനുമതിയുള്ളത്. എന്നാൽ ബലാത്സംഗ കേസുകളിൽ ഈ സമയപരിധി കർശനമാക്കരുതെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാലത്തിനനുസരിച്ച് നിയമങ്ങളിൽ മാറ്റം വരണമെന്നും ബലാത്സംഗ അതിജീവിതകളുടെ കാര്യത്തിൽ സമയപരിധിയില്ലാത്ത നിയമം വേണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഗർഭസ്ഥ ശിശുവിന് 30 ആഴ്ച പ്രായമായതിനാൽ ഗർഭച്ഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് എയിംസ് (AIIMS) അധികൃതർ കോടതിയെ അറിയിച്ചു. കുട്ടി അതിജീവിക്കാൻ സാധ്യതയുള്ള ഘട്ടത്തിലാണെന്നും ഇത്തരമൊരു ശസ്ത്രക്രിയ പെൺകുട്ടിക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കുടുംബത്തിന് മതിയായ കൗൺസിലിങ്ങും ബോധവൽക്കരണവും നൽകാൻ എയിംസിന് കോടതി നിർദേശം നൽകി.
മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ അതിജീവിതയും കുടുംബവും എടുക്കുന്ന തീരുമാനത്തിന് കോടതി മുൻഗണന നൽകും. നേരത്തെ ഇതേ കേസിൽ അനുമതി ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.