മരുതൂർ ഗോപാലൻ രാമചന്ദ്രൻ, ജയലളിത, ജോസഫ് വിജയ്
ചെന്നൈ: പതിറ്റാണ്ടുകളായി ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെയും മാറിമാറി ഭരിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് എക്സിറ്റ് പോൾ പ്രവചനം. തമിഴ് സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സംസ്ഥാനത്ത് അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പുതിയ എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തമിഴ് മണ്ണിൽ എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്ന് മറ്റൊരു മുഖ്യമന്ത്രി കൂടി ഉദയം ചെയ്യുന്നു എന്ന സൂചനയാണ് പ്രവചന ഫലങ്ങളോടെ പുറത്തുവരുന്നത്.
തമിഴ്‌നാട്ടിലെ ആകെയുള്ള 234 നിയമസഭാ സീറ്റുകളിൽ 98 മുതൽ 120 വരെ സീറ്റുകൾ വിജയിയുടെ നേതൃത്വത്തിലുള്ള പാർട്ടി നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, വിജയ് കിങ് മേക്കറാവുകയോ അല്ലെങ്കിൽ നേരിട്ട് ഭരണത്തിലെത്തുകയോ ചെയ്യാം. ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് രണ്ടാമൂഴം പ്രവചിച്ച മറ്റ് സർവ്വേകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഫലമാണിത്.
ആരാണ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകേണ്ടത് എന്ന ചോദ്യത്തിന് 37 ശതമാനം പേരും വിജയിയുടെ പേരാണ് നിർദ്ദേശിച്ചത്. നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ, എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് 22 ശതമാനം പിന്തുണ മാത്രമേ നേടാനായുള്ളൂ. ജനങ്ങൾക്കിടയിൽ മാറ്റത്തിനായുള്ള വലിയ ആഗ്രഹം ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വിജയിയുടെ മുന്നേറ്റത്തിന് പിന്നിൽ സംസ്ഥാനത്തെ യുവതലമുറയാണെന്നാണ് പുറത്തുവന്ന സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവരിൽ 68 ശതമാനം പേരും വിജയിയെ പിന്തുണച്ചു. 20-29 പ്രായപരിധിയിലുള്ളവരിൽ 59 ശതമാനം പേരും ടി.വി.കെക്ക് വോട്ട് ചെയ്തപ്പോൾ ഭരണമാറ്റം ആഗ്രഹിച്ചവരിൽ 77 ശതമാനം പേരും വിജയിയെയാണ് തങ്ങളുടെ പകരക്കാരനായി കണ്ടത്.
അമ്പത് വർഷത്തിലേറെയായി തമിഴ്‌നാട് രാഷ്ട്രീയം അടക്കിവാഴുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ കക്ഷികളുടെ ദ്വിമുഖ രാഷ്ട്രീയത്തിന് വിജയ് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഒരു മുന്നണിയുമായും സഖ്യം ചേരാതെ ഒറ്റക്ക് മത്സരിക്കാനുള്ള വിജയിയുടെ തീരുമാനം ഫലം കാണുന്നതായാണ് വിലയിരുത്തൽ. എൻ.ഡി.എ സഖ്യത്തിൽ വിജയ് ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും, സ്വതന്ത്രമായ പാതയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കും അപ്പുറം തങ്ങൾ വലിയ വിജയം നേടുമെന്ന് ടി.വി.കെ വക്താവ് രാധൻ പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 140 മുതൽ 170 വരെ സീറ്റുകൾ വിജയിയുടെ പാർട്ടി നേടുമെന്നും വോട്ടെണ്ണൽ തുടങ്ങി ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ് രാഷ്ട്രീയത്തിലെ ഈ പുതിയ മാറ്റം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പാരമ്പര്യ രാഷ്ട്രീയ ശൈലികളെ തകർത്ത് ജനങ്ങൾ ഒരു പുതിയ മാറ്റത്തിനായി വിജയിയെ സ്വീകരിക്കുമോ എന്ന് വോട്ടെണ്ണൽ ദിനത്തിൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.