ഛണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ ഓൺലൈന്‍ ഗെയിമിങിലൂടെ പണം നഷ്ടപ്പെട്ടതിനെതുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഫരീദാബാദ് വൈ.എം.സി.എ സർവകലാശാലയിലെ മൂന്നാം വർഷ ബി.എസ്.സി വിദ്യാർഥിയായ ആദിത്യ(22) ഭാട്ടിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവസമയത്ത് ആദിത്യയുടെ അമ്മയും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നു. പെട്ടെന്നുണ്ടായ വെടിയൊച്ച കേട്ട് ഞെട്ടിയ വീട്ടുകാർ അകത്തുനിന്ന് പൂട്ടിയ ബാത്ത്റൂം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ആദിത്യയെയാണ് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പോകുന്ന വഴി മരണം സംഭവിച്ചിരുന്നു. ഓൺലൈൻ ഗെയിമിങിലൂടെ വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്ന് ആദിത്യ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിരമിച്ച സൈനികനായ തന്റെ അമ്മാവന്റെ റിവോൾവർ ഉപയോഗിച്ചാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.