പ്രതീകാത്മക ചിത്രം

ദാഹമകറ്റാൻ ദിവസേന അഞ്ച് ലിറ്റർ വെള്ളം കുടിച്ചു; യുവാവ് ഐ.സി.യുവിൽ! കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ന്യൂഡൽഹി: വേനൽചൂടിൽ നിന്നും രക്ഷനേടാൻ ധാരാളം വെള്ളം കുടിക്കണമെന്നാണ് പൊതുവെ പറയാറുള്ളത്. വേനൽ കടുത്തതോടെ ഭക്ഷണം കഴിക്കാനും ചിലർക്ക് വിമുഖതയാണ്. എന്നാൽ ഭക്ഷണവും ഉപ്പും ഒഴിവാക്കി വെറും വെള്ളം മാത്രം അമിതമായി കുടിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഡൽഹിയിലെ 25കാരനായ മാർക്കറ്റിങ് എക്സിക്യൂട്ടീവിന് പറയാനുള്ളത്. ദിവസം മുഴുവൻ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നതിനിടെ അഞ്ച് ലിറ്ററോളം വെള്ളം കുടിച്ച ഇദ്ദേഹം ഒടുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സ തേടിയിരിക്കുകയാണ്.

ജോലിത്തിരക്കിനിടയിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കിയ യുവാവ്, ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം ധാരാളമായി കുടിച്ചു. പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം പിന്നീട് അബോധാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). 'അക്യൂട്ട് ഹൈപ്പോനാട്രീമിയ' (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വെറും വെള്ളം മാത്രം കുടിക്കുന്നത് അപകടമാകുന്നത് എങ്ങനെ?

നമ്മുടെ ശരീരം വിയർക്കുമ്പോൾ വെള്ളം മാത്രമല്ല, സോഡിയം, പൊട്ടാസ്യം തുടങ്ങിയ സുപ്രധാന ലവണങ്ങളും (Electrolytes) നഷ്ടപ്പെടുന്നുണ്ട്. ശരീരത്തിലെ നാഡീപ്രവർത്തനങ്ങൾക്കും പേശികളുടെ സങ്കോചത്തിനും ഈ ലവണങ്ങൾ അത്യാവശ്യമാണ്. ആഹാരം കഴിക്കാതെ വെറും വെള്ളം മാത്രം കുടിക്കുമ്പോൾ രക്തത്തിലെ ലവണങ്ങളുടെ അളവ് അമിതമായി കുറയുന്നു. ഇത് കോശങ്ങൾ വീർക്കുന്നതിനും തലച്ചോറിലെ മർദ്ദം വർധിക്കുന്നതിനും കാരണമാകുന്നു.

ലക്ഷണങ്ങൾ തിരിച്ചറിയുക

കഠിനമായ തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ആശയക്കുഴപ്പം, സംസാരത്തിൽ തടസ്സം, അമിതമായ ഉറക്കം, ബോധക്ഷയം തുടങ്ങിയവയാണ് അക്യൂട്ട് ഹൈപ്പോനാട്രീമിയയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് പല രോഗങ്ങൾക്കും സമാന ലക്ഷണങ്ങളുള്ളതിനാൽ ആവശ്യമായ സമയത് ഡോക്ടറുടെ സഹായം തേടി വേണ്ട ചികിത്സ ഉറപ്പുവരുത്തുക.

പ്രതിരോധ മാർഗ്ഗങ്ങൾ

വേനൽക്കാലത്ത് ഹൈഡ്രേഷൻ എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കുക. ഒ.ആർ.എസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവർ ഇടക്കിടെ തണലത്ത് വിശ്രമിക്കുകയും ഓരോ അരമണിക്കൂർ കൂടുമ്പോഴും ലവണങ്ങൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുകയും വേണം. വേനൽക്കാലത്തെ തളർച്ച വെറും ക്ഷീണമായി കണ്ട് തള്ളിക്കളയരുത്. കൃത്യമായ ലവണാംശം ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Tags:    
News Summary - Young man drinks five liters of water every day to quench his thirst and admited to hospital Doctor reveals the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.