കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താന്റെ ഭാഗമായി ഉൾപ്പെടുത്തിയ ഭൂപടം പങ്കുവെച്ച് നേപ്പാളിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ നേപ്പാൾ എയർലൈൻസ്. വിവാദമായപ്പോൾ അവർ പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു.
സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച എയർലൈൻസിന്റെ ഫ്ലൈറ്റ് നെറ്റ്‍വർക്കിലാണ് തെറ്റായ ചിത്രീകരണം നൽകിയത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ മുഴുവൻ പാകിസ്താന്റെ ഭാഗമായാണ് കാണിച്ചിരുന്നത്. ആഗോളതലത്തിൽ പ്രതിഷേധം ഉയർന്നതോടെ ഭൂപടം പിൻവലിച്ച് എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.
‘കാർട്ടോഗ്രാഫിക് കൃത്യതയില്ലായ്മ’യാണ് കാരണമെന്ന് എയർലൈൻസ് അറിയിച്ചു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകൾ നടത്തുമെന്നും അവർ ഉറപ്പുനൽകി. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന് വലിയ വില കൽപ്പിക്കുന്നുണ്ടെന്നും മനഃപൂർവമല്ലാതെ സംഭവിച്ചുപോയ പിഴവിൽ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനി കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബോയ്കോട്ട് നേപ്പാൾ എയർലൈൻസ് എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ ട്രന്റാകാൻ തുടങ്ങിയിരുന്നു. നേപ്പാളിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിക്കാൻ ഉപയോക്താക്കൾ വിദേശകാര്യ മന്ത്രാലയത്തോടും വ്യോമയാന മന്ത്രാലയത്തോടും ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.