ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ പാസ്‌പോർട്ട് വിട്ടുനൽകണമെന്ന അപേക്ഷ സുപ്രീം കോടതി തീർപ്പാക്കി. വിദേശയാത്രയെക്കുറിച്ചുള്ള കൃത്യമായ പദ്ധതികളോ വിവരങ്ങളോ നൽകാത്ത സാഹചര്യത്തിൽ പാസ്‌പോർട്ട് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിലവിൽ വിദേശയാത്രകൾ നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരു വർഷത്തിനകം പാസ്‌പോർട്ട് പുതുക്കേണ്ടതുണ്ടെന്നും അതിനായി രേഖകൾ കൈവശം വേണമെന്നും ടീസ്റ്റക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. എന്നാൽ, പാസ്‌പോർട്ട് പുതുക്കേണ്ട സാഹചര്യം വരുമ്പോൾ ആവശ്യമായ നിർദേശങ്ങൾ കോടതി നൽകാമെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. വിദേശത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്നാണെന്നും എവിടേക്കാണെന്നും വ്യക്തമാക്കുന്ന 'ട്രാവൽ ഐറ്റനററി' (Travel Itinerary) ഹാജരാക്കിയാൽ മാത്രമേ പാസ്‌പോർട്ട് വിട്ടുനൽകൂ എന്നും കോടതി അറിയിച്ചു.
വിദേശയാത്ര എന്നത് മൗലികാവകാശത്തിന്റെ ഭാഗമായതിനാൽ ഭാവിയിൽ അപേക്ഷ നൽകിയാൽ അത് വൈകിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആവശ്യമുള്ളപ്പോൾ പുതിയ അപേക്ഷയുമായി കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ടീസ്റ്റക്ക് അനുവദിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ചുവെന്നാരോപിച്ച് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2023-ലാണ് ടീസ്റ്റക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ പാസ്‌പോർട്ട് സമർപ്പിക്കണം എന്നത് ജാമ്യവ്യവസ്ഥയായിരുന്നു. മുമ്പ് തന്റെ ഡോക്യുമെന്ററി പ്രദർശനത്തിനായി ആംസ്റ്റർഡാമിലേക്കും മലേഷ്യയിലേക്കും പോകാൻ കോടതി ഇവർക്ക് പ്രത്യേക അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.