നിറയെ എം.പിമാരുമായി മൂന്ന് ബസുകൾ; അസാധാരണ സമരം രൂപപ്പെട്ടതിങ്ങനെ...

ന്യൂഡൽഹി: അസാധാരണ പ്രക്ഷോഭത്തിനാണ് ബുധനാഴ്ച രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. കൊണാട്ട് പ്ലേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി എം.പിമാർക്ക് നടത്തിയ ഉച്ചഭക്ഷണ വിരുന്നിന് പിന്നാലെ അപ്രതീക്ഷിത സമരത്തിലേക്ക് കടക്കുകയായിരുന്നു.


പ്രതിഷേധം ഉണ്ടാകുമെന്ന് എം.പിമാർക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും എവിടെയെന്നത് രാഹുലും ഖാർഗെയും സസ്പെൻസ് ആക്കിവെച്ചു. ഭക്ഷണത്തിനു ശേഷം ജന്തർമന്തറിലേക്ക് പോകാൻ രാഹുൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം ബസുകളും തയാറാക്കി. ജന്തർമന്തറിലേക്കുള്ള സൻസദ് മാർഗ് പൊലീസ് അടച്ചതോടെ മറ്റൊരു റോഡിലൂടെ എം.പിമാർ അവിടേക്ക് നീങ്ങി.

പൊലീസ് ആ വഴിയും അടച്ചതോടെ ബസിൽ നിന്നിറങ്ങി പ്രവർത്തകർക്കൊപ്പം രാഹുൽ പൊലീസ് തടസ്സം ഭേദിക്കാൻ ശ്രമം നടത്തി. പ്രിയങ്കയും വനിതാ എം.പിമാരും റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ തുടങ്ങി. രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു.

സമരത്തെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും എം.പിമാരെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റി കസ്റ്റഡിയിലെടുത്തു. രാഹുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം പ്രവർത്തകർ അടിച്ചു തകർത്തു. കെ.സി വേണുഗോപാൽ, സന്തോഷ് കുമാർ, എ.എ റഹീം എന്നിവരും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവിടേക്ക് ഓടിയെത്തിയ പ്രവർത്തകർ ചില്ല് അടിച്ചു തകർക്കുകയും കാറ്റഴിച്ചുവിടുകയും ചെയ്തു. കൂടുതൽ പൊലീസെത്തി വകഞ്ഞുമാറ്റി കുറച്ചുദൂരം മുന്നോട്ട് എത്തിച്ചു.


മറ്റൊരു വാഹനം എത്തിച്ചാണ് പൊലീസ് രാഹുലിനെ പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവിടേക്ക് എത്തിയ വി.ഡി. സതീശനെ അകത്തേക്ക് കയറ്റിവിട്ടില്ല. എം.പിമാർ പ്രതിഷേധിക്കുകയും അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തതോടെയാണ് കയറ്റിവിട്ടത്. പുറത്ത് പ്രവർത്തകർ തടിച്ചുകൂടുകയും സംഘർഷം കനക്കുകയും ചെയ്തതോടെ എട്ടുമണിക്ക് രാഹുലിനെ വിട്ടയക്കുകയായിരുന്നു. നേതാക്കളുടെ കസ്റ്റഡിക്ക് പിന്നാലെ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. രാത്രി എട്ടുമണിയോടെ രാഹുൽ ഗാന്ധിയെ വിട്ടയച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്.

സമരം തീപിടിച്ചതിങ്ങനെ:

  • ഇൻഡ്യ സഖ്യ എം.പിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൊണാട്ട് പ്ലേസിൽ ഒരുക്കിയ ഉച്ചവിരുന്നാണ് സമരത്തിലേക്ക് വഴിതുറന്നത്.
  • ഉച്ചക്ക് ഒന്നോടെ രാഹുലും പ്രിയങ്കയും ഉൾപ്പെടെ എം.പിമാർ ഹോട്ടലിലേക്ക്.
  • രണ്ടരയോടെ മൂന്ന് വലിയ ബസുകൾ ഹോട്ടലിനു പുറത്ത് എത്തിയതോടെ സമര ഒരുക്കമാണെന്ന് ഉറപ്പായി.
  • പത്ത് മിനിറ്റിനകം എം.പിമാർ ബസിൽ കയറി.
  • പ്രതിഷേധം ജന്തർ മന്തറിലേക്ക് മാറ്റുകയാണെന്നും ഗ്യാനേഷ് രാജിവെക്കുംവരെ തുടരുമെന്നും രാഹുൽ.
  • മൂന്നോടെ ബസ് ജന്തർമന്തറിലേക്ക്.

  • സൻസദ് മാർഗ് പൊലീസ് തടഞ്ഞതിനാൽ വാഹനം ജൻപഥ് വഴി മുന്നോട്ട്. അതും തടഞ്ഞതോടെ അശോക റോഡ് വഴിയാക്കി.
  • കൊണാട്ട് പ്ലേസിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള അശോക റോഡിലേക്ക് തിരിയുന്ന ഗോൾചക്രയിൽ എത്താൻ ഒന്നര മണിക്കൂറെടുത്തു.
  • പ്രവർത്തകർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതോടെ രംഗം സംഘർഷത്തിലേക്ക് നീങ്ങി.
  • രാഹുൽ ഗാന്ധി ബസിൽനിന്ന് പുറത്തിറങ്ങി മുന്നോട്ടുനീങ്ങി. പ്രിയങ്കയും മറ്റ് എം.പിമാരും കൂടെ എത്തി.
  • പൊലീസ് തടഞ്ഞതോടെ പ്രിയങ്ക, മഹുവ മൊയ്ത്ര അടക്കമുള്ള വനിതാ എം.പിമാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പൊലീസ് വാഹനങ്ങളുടെ ചില്ല് പ്രവർത്തകർ അടിച്ചുതകർത്തു.

  • ആറുമണിയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള ഹൗസിൽനിന്ന് നടന്ന് ഇവിടെയെത്തി.
  • രാഹുലിനെ വലിച്ചിഴച്ച് വാനിലേക്ക് കയറ്റാൻ പൊലീസ് ശ്രമം. കുതറിമാറിയ രാഹുലിനെ കൂടുതൽ പൊലീസെത്തി അകത്തേക്ക് കയറ്റി.
  • രാഹുലിനെ കസ്റ്റഡിയിലെടുക്കുന്നത് പ്രവർത്തകർക്കൊപ്പം തടയുന്നതിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു.
  • വനിതാ പൊലീസുകാർ ഏറെ പണിപ്പെട്ടിട്ടും പ്രിയങ്കയെ എഴുന്നേൽപിക്കാനായില്ല. കൂടുതൽ പൊലീസുകാരെത്തിയാണ് ബസിനടുത്തെത്തിച്ചത്.
  • ഭരണഘടനാ കോപ്പി ഉയർത്തിപ്പിടിച്ച് പ്രിയങ്ക പൊലീസ് വാഹനത്തിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചു. പ്രവർത്തകർ ബസ് തടഞ്ഞു.
  • വി.ഡി. സതീശനെ കേരള എം.പിമാർക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനം ബ്ലോക്കിൽ കുടുങ്ങിയതോടെ എം.പിമാരെല്ലാം പുറത്തിറങ്ങി.
  • പൊലീസ് സാന്നിധ്യം കുറഞ്ഞ സ്ഥലത്ത് രാഹുലിന്റെ വാഹനം എത്തിയതോടെ ഓടിയെത്തിയ പ്രവർത്തകർ വാഹനം തടഞ്ഞ് ചില്ല് അടിച്ചുപൊട്ടിച്ചു. ടയറിലെ കാറ്റ് അഴിച്ചുവിട്ടു.
  • പൊലീസ് മറ്റൊരു വാഹനമെത്തിച്ച് രാഹുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
  • പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചു. സ്റ്റേഷനകത്തേക്ക് എം.പിമാരെ വിടാൻ പൊലീസ് തയാറായില്ല.
  • രാഹുലിനെ കസ്റ്റഡിയിൽനിന്നും വിട്ടയച്ചതോടെ സംഘർഷത്തിന് അയവ്.
Tags:    
News Summary - delhi witnesses unusual agitation against SIR and gyanesh kumar on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.