ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്റസാ ബോർഡ് നിർത്തലാക്കുമെന്നും ജൂലൈ മുതൽ സംസ്ഥാനത്തെ എല്ലാ മദ്റസകളിലും ഉത്തരാഖണ്ഡ് ബോർഡ് കരിക്കുലം നടപ്പാക്കമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഹരിദ്വാറിൽ നടന്നചടങ്ങിലാണ് പ്രഖ്യാപനം. എല്ലാ വിദ്യാർഥികൾക്കും ഏകീകൃത- ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധാമി പറഞ്ഞു. ഉത്തരാഘൺണ്ഡ് ബോർഡ് കിരക്കുക്കലം പിന്തുടരാൻ തയ്യാറാവാത്ത എല്ലാ മദ്റസകളും അടച്ചുപൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "സംസ്ഥാനത്ത് മറ്റൊരു ചരിത്രപരമായ തീരുമാനത്തിലൂടെ, വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന മദ്റസബോർഡ് പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിച്ചു. 2026 ജൂലൈ മുതൽ ഉത്തരാഖണ്ഡിലെ എല്ലാ മദ്റസകളും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡ് നിർദ്ദേശിക്കുന്ന സിലബസ് പഠിപ്പിക്കും. ഇത് നടപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും" ധാമി പറഞ്ഞു.
മദ്റസ ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനത്തെ ഹിന്ദു സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു. മദ്രസകളിൽ ഇനി മതപഠനത്തിനൊപ്പം സയൻസ്, മാത്തമാറ്റിക്‌സ്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ് മുനി പറഞ്ഞു.
മദ്രസകൾ വിവിധ രൂപത്തിലുള്ള ജിഹാദുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ചുപൂട്ടണമെന്നും അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ 'ദേവഭൂമി' സംസ്ഥാനങ്ങളിൽ മറ്റ് മതസ്ഥരുടെ സാന്നിധ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ചടങ്ങിൽ പങ്കെടുത്ത സന്യാസിമാർ ആവശ്യപ്പെട്ടു. 'ദൈവങ്ങളുടെ ഈ നാട്ടിൽ മദ്രസകളുടെ ആവശ്യമില്ല. ഉത്തരാഖണ്ഡും ഹിമാചലും ദൈവിക ശക്തികളാൽ സംരക്ഷിക്കപ്പെടുന്ന ദേവഭൂമിയാണ്. മറ്റ് മതങ്ങളിൽപ്പെട്ടവരെ ഇവിടെ അനുവദിക്കരുതെന്ന് ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ചോ പരിപാടിയിൽ നടത്തിയ പരാമർശങ്ങളെക്കുറിച്ചോ പ്രതിപക്ഷ പാർട്ടികളിൽ നിന്നോ മുസ്‌ലിം സംഘടനകളിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ബി.ജെ.പി സർക്കാർ നേരത്തെ ബോർഡ് നിർത്തലാക്കാനുള്ള നിർദേശം മുന്നോട്ടുവച്ചപ്പോൾ മുസ്‌ലിം സമുദായ നേതാക്കൾ ശക്തമായി എതിർത്തിരുന്നു."മദ്റസ ബോർഡ് നിർത്തലാക്കാനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം തന്നെ നിയമവിരുദ്ധമാണ്" എന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്‌സണൽ ലോ ബോർഡ് അംഗം മൗലാന ഖാലിദ് റാഷിദ് ഫിരംഗി മഹാലി പറഞ്ഞിരുന്നു. സർക്കാരിന്‍റെ പുതിയ തീരുമാനം ഈ വർഷം ജൂലൈ മുതൽ ഉത്തരാഖണ്ഡിൽ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.