തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് മരവിപ്പിക്കാൻ മുൻ മന്ത്രിയുടെ നീക്കം? റിപ്പോർട്ടുകൾ തള്ളി മമത വിഭാഗം
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ കായിക മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അരൂപ് ബിശ്വാസ്, പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എച്ച്.ഡി.എഫ്.സി ബാങ്കിന് കത്ത് നൽകിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ സെൻട്രൽ പ്ലാസ ശാഖയിലാണ് ബിശ്വാസ് കത്ത് നൽകിയത്. പാർട്ടിയിൽ ആർക്കാണ് നിയന്ത്രണമെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ വ്യക്തമായ തീരുമാനമുണ്ടാകുന്നത് വരെ അക്കൗണ്ട് ഇടപാടുകൾ തടയണമെന്നാണ് ബിശ്വാസിന്റെ ആവശ്യം.
ജൂൺ 12ന് തയാറാക്കിയ കത്ത് ജൂൺ 16നാണ് ബാങ്കിന് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന 'മെസ്സിഗേറ്റ്' വിവാദവുമായി ബന്ധപ്പെട്ട പൊലീസ് ചോദ്യം ചെയ്യലിന് ബിശ്വാസ് ഹാജരായതിന് ശേഷമാണ് ഈ വിവരം പുറത്തുവന്നത്.
ജൂൺ അഞ്ചിന് ചേർന്ന തൃണമൂൽ ദേശീയ വർക്കിങ് കമ്മിറ്റി യോഗത്തിൽ വെച്ച് അരൂപ് ബിശ്വാസിനെ പാർട്ടി ട്രഷറർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം മുൻ എം.പി സുഭാഷിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി നിയമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ബാങ്കിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മെയ് നാലിന് നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം, മമതാ ബാനർജിയുടെ വസതിയിൽ ചേർന്ന പാർട്ടിയോഗങ്ങളിൽ നിന്ന് ബിശ്വാസ് വിട്ടുനിൽക്കുകയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സ്വരൂപ് ബിശ്വാസ് അഴിമതി, പിടിച്ചുപറി കേസുകളിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പ്രകാരം അക്കൗണ്ടിൽ 535 കോടി രൂപയുണ്ട്. അക്കൗണ്ട് മരവിപ്പിച്ചതായി ചില റിപ്പോർട്ടുകളുണ്ടെങ്കിലും ബാങ്ക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അക്കൗണ്ടിൽ 'ഡെബിറ്റ് ഫ്രീസ്' ഏർപ്പെടുത്തിയതായി ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് സൂചനകളുണ്ട്. എന്നാൽ, ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പ്രതികരിച്ചു. ബിശ്വാസ് ഇപ്പോൾ പാർട്ടി ട്രഷററല്ലെന്നും സുഭാഷിഷ് ചക്രവർത്തിയാണ് സ്ഥാനത്തുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.