ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ അതീവ സുരക്ഷയുള്ളതും സമ്പന്ന പ്രദേശവുമായ മൗണ്ട് കൈലാഷിൽ നിന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. പ്രശസ്തനായ ഒരു ചർമ്മരോഗ വിദഗ്ധൻ തന്റെ വീട്ടിലെ ജോലിക്കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട സ്ത്രീ വീട്ടിൽ 'അശുഭകരമായ ഊർജ്ജം' അഥവാ നെഗറ്റീവ് വൈബ്സ് കൊണ്ടുവരുന്നു എന്ന വിചിത്രവും ഭയാനകവുമായ കാരണത്താലാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയായ 50 വയസ്സുകാരൻ ഡോ. മനീഷ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. വീട്ടിലെ ജോലിക്കാരിയായ മീന ഹൽദാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താൻ കുറച്ചുകാലമായി ആഗ്രഹിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ തന്റെ ഈ ആവശ്യത്തിന് കുടുംബത്തിൽ നിന്നും ആരും പിന്തുണ നൽകിയില്ല. വീട്ടുകാർ ആരും തന്റെ വാക്ക് കേൾക്കാത്തതിൽ ഡോക്ടർക്ക് കടുത്ത നിരാശയും ദേഷ്യവുമുണ്ടായിരുന്നു. മീനയുടെ സാന്നിധ്യം വീടിന്റെ ഐശ്വര്യം കെടുത്തുന്നുവെന്നും അത് തന്റെ മകന്റെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഈ മാനസികാവസ്ഥയിലാണ് തക്കം പാർത്തിരുന്ന് ഇയാൾ മീനയെ ആക്രമിച്ചത്.
കൃത്യം നടന്ന വ്യാഴാഴ്ച രാവിലെ 10.15-ഓടെ ഡോക്ടറുടെ ഭാര്യയും മെഡിക്കൽ പ്രൊഫഷണലുമായ ഡോ. ടീന ഗുപ്ത ജോലിക്ക് പോയിരുന്നു. ഈ സമയത്ത് ഡോക്ടറും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏകദേശം 10.30-ഓടെ വീട്ടിലെത്തിയ മീന ഹൽദാർ പതിവുപോലെ തുണികൾ കഴുകിയ ശേഷം അവ ഉണക്കാനായി മുകളിലെ ടെറസിലേക്ക് പോയി. ഇതിനിടയിൽ മീനയെ പിന്തുടർന്ന് ടെറസിലെത്തിയ ഡോക്ടർ അവിടെവെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് മീനയുടെ തലക്ക് ശക്തമായി അടിച്ചതിനെ തുടർന്ന് അവർ നിലത്തു വീണു. തുടർന്ന് കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ഇയാൾ മീനയെ കുത്തിപ്പരിക്കേൽപ്പിച്ചു. ചോരയിൽ കുളിച്ചു കിടന്ന മീന സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രക്തം പുരണ്ട ആയുധങ്ങൾ കോണിപ്പടിയുടെ വശങ്ങളിൽ ഉപേക്ഷിച്ച് പ്രതി താഴേക്ക് പോയി. എതിരെ ഉള്ള ഫ്ലാറ്റിലെ താമസക്കാരനാണ് ടെറസിൽ ചോരയിൽ കുളിച്ചുകിടക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. കഴിഞ്ഞ 10-12 വർഷമായി ഈ വീട്ടിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു മീന. അവർ ഒരിയ്ക്കലും ജോലിക്ക് വരാതിരിക്കുകയോ അവധി എടുക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നും, ഏറെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നതെന്നും മീനയുടെ മകൻ റോബിൻ കണ്ണീരോടെ ഓർക്കുന്നു. സംഭവമറിഞ്ഞ് പ്രദേശത്തെ നിരവധി വീട്ടുജോലിക്കാർ ഫ്ലാറ്റിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയും പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. നിലവിൽ പൊലീസ് മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.