മുല്ലപ്പെരിയാറിന് പിന്നാലെ മേക്കേദാട്ടുവിലും നിലപാട് കടുപ്പിച്ച് വിജയ് സർക്കാർ; കർണാടകക്കെതിരെ നിയമസഭയിൽ പ്രമേയത്തിന് നീക്കം

ചെന്നൈ: സംസ്ഥാനത്തെ ജലസേചന വിഷയങ്ങളിൽ അതീവ കർശന നിലപാടുമായി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി തടയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, കർണാടകയുടെ മേക്കേദാട്ടു പദ്ധതിക്കെതിരെയും സർക്കാർ പോർമുഖം തുറന്നു. കാവേരി നദിയിൽ കർണാടക നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കേദാട്ടു അണക്കെട്ടിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം.

മേക്കേദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് തമിഴ്‌നാട് സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. വിഷയത്തിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ടി.വി.കെ ഉയർത്തുന്നത്. പദ്ധതിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആശങ്കയറിയിച്ചിരുന്നു. തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ മേക്കേദാട്ടുവിൽ ഒരു നിർമാണവും അനുവദിക്കരുതെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

ബംഗളൂരു നഗരത്തിനായുള്ള കുടിവെള്ള പദ്ധതിയും വൈദ്യുതി ഉൽപ്പാദനവും ലക്ഷ്യമിട്ടാണ് കർണാടക മേക്കേദാട്ടു അണക്കെട്ട് വിഭാവനം ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരക്ക് സമീപമാണ് പദ്ധതി പ്രദേശം. ഇത് തമിഴ്നാട്ടിലെ കാവേരി ഡെൽറ്റ മേഖലയിലെ കർഷകരെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുമെന്നും, കാർഷിക ഉൽപ്പാദനം തകരുമെന്നുമാണ് വിജയ് സർക്കാർ പറയുന്നത്.

അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തി ജലനിരപ്പ് 142 അടിയായും, പിന്നീട് 152 അടിയായും ഉയർത്താനാണ് തമിഴ്നാടിന്റെ പദ്ധതി.

കേരളത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം. അണക്കെട്ട് ബലപ്പെടുത്തുന്നതിന് കേരളം അനുമതി നൽകുന്നില്ലെന്നും, അതിന് പകരം പുതിയ അണക്കെട്ടിനായി വാശിപിടിക്കുകയാണെന്നുമാണ് വിമർശനം. നിയമസഭാ സമ്മേളനത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനിരിക്കെയാണ് സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് വരുന്നത്. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ പോലുള്ള വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന്റെ നയം മാറ്റമില്ലാത്തതാണെന്ന് വിജയ് സർക്കാർ ഇതിലൂടെ വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കി അയൽസംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങളിൽ തമിഴ്നാടിന് അനുകൂലമായ തീരുമാനം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ശ്രമം. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വഴി, ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് ടി.വി.കെ വഴിതുറക്കുകയാണ്. ജലപ്രശ്നങ്ങളിൽ തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ടി.വി.കെ സർക്കാർ തയാറാണെന്ന സന്ദേശമാണ് ഈ നീക്കങ്ങൾക്ക് പിന്നിലുള്ളത്.

Tags:    
News Summary - After Mullaperiyar, Vijay government toughens stance on Mekedatu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.