ടെലഗ്രാം നിരോധനം തുടരും; കേന്ദ്രസർക്കാറിന്‍റെ ആവശ്യം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് പുനഃപരീക്ഷക്ക് മുന്നോടിയായി പ്രമുഖ ആപ്പായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ആവശ്യമായ കാരണങ്ങൾ കേന്ദ്രസർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരീക്ഷാ സുതാര്യത ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്.

സർക്കാരിന്റെ നിരോധന ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ടെലഗ്രാം സമർപ്പിച്ച ഹരജി ജസ്റ്റിസ് തേജ് കരിയ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് തള്ളിയത്. ഐ.ടി ആക്ടിലെ സെക്ഷൻ 69എ പ്രകാരമുള്ള സർക്കാരിന്റെ ഈ നടപടി എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച ശേഷമുള്ളതാണെന്നും, അതിൽ വീഴ്ചകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. വരാനിരിക്കുന്ന പരീക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വലിയ ക്രമക്കേടുകളും തട്ടിപ്പ് ശൃംഖലകളും ടെലിഗ്രാം വഴി പ്രവർത്തിക്കുന്നതായി നാഷണൽ ടെസ്റ്റിങ് ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് ജൂൺ 22 വരെ പ്ലാറ്റ്‌ഫോമിന് കേന്ദ്രം താൽക്കാലിക വിലക്കേർപ്പെടുത്തിയത്.

രാജ്യത്ത് ഏകദേശം 15 കോടിയോളം ഉപഭോക്താക്കളുള്ള ഒരു ആപ്പ് പൂർണ്ണമായി അടച്ചുപൂട്ടുന്നത് അന്യായമായ നടപടിയാണെന്നായിരുന്നു ടെലിഗ്രാമിന്റെ പ്രധാന വാദം. എന്നാൽ പരീക്ഷാ തട്ടിപ്പുകൾ തടയാൻ ഇതിലും കുറഞ്ഞ മറ്റൊരു വഴി സർക്കാരിന് മുന്നിൽ ഇല്ലായിരുന്നുവെന്നും, രാജ്യത്തിന്റെ പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ നടപടി അനുയോജ്യമാണെന്നും കോടതി വിലയിരുത്തി. പ്ലാറ്റ്‌ഫോമിലെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കാനും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും രാജ്യത്തുടനീളം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്താൻ അധികൃതർ തീരുമാനിച്ചത്. തട്ടിപ്പ് സംഘങ്ങൾ ചോദ്യപേപ്പർ കൈമാറാനും പണം തട്ടാനും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു എന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ അട്ടിമറി പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

Tags:    
News Summary - Telegram ban, imposed ahead of NEET re-test, upheld by Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.