പാകിസ്താനുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ റഫാൽ നഷ്ടവും ചൈനയുടെ പങ്കും ഉയർത്തികാണിച്ച് യു.എസ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധവുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചോദ്യങ്ങൾ വീണ്ടും ഉയർത്തി യു.എസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമീഷൻ യു.എസ് കോൺഗ്രസിൽ വാർഷിക റിപ്പോർട്ട്. ഓപറേഷൻ സിന്ദൂറിനിടെ നടന്ന നാലു ദിവസത്തെ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിൽ ആരാണ് വിജയിച്ചത്, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളായ എത്ര റാഫേൽ വിമാനങ്ങളെ പാകിസ്താൻ വെടിവച്ചു വീഴ്ത്തി തുടങ്ങിയ ചോദ്യങ്ങൾ പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെങ്കിലും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

എന്നാൽ, കോൺഗ്രസ് നേതാവ് ജയ്റാം രമേശ് റിപ്പോർട്ടിന്റെ ഒരു ഭാഗം എടുത്തുദ്ധരിച്ചുകൊണ്ട് നരേന്ദ്ര മോദി സർക്കാറിനെ ആക്രമിച്ചു. നാലു ദിവസത്തെ ഏറ്റുമുട്ടലിൽ ഇന്ത്യക്കെതിരായ പാകിസ്താന്റെ സൈനിക വിജയത്തെക്കുറിച്ച് റിപ്പോർട്ട് പറയുന്നതായി രമേശ് ചൂണ്ടിക്കാട്ടി. 800ത്തോളം പേജുകൾ വരുന്നതാണ് അവലോകന കമീഷൻ സമർപിച്ച വാർഷിക റിപ്പോർട്ട്. 108,109 പേജുകളിലെ ഭാഗങ്ങൾ അതിശയിപ്പിക്കുന്നതും മനസ്സിലാക്കാൻ കഴിയാത്തതുമാണ്. പാകിസ്താൻ ആസൂത്രണം ചെയ്ത 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തെ ഒരു ‘വിമത’ ആക്രമണം ആയിട്ടാണ് റിപ്പോർട്ട് വിവരിക്കുന്നതെന്നും-രമേശ് ‘എക്‌സി’ൽ എഴുതി.

2025 മെയ് 7-10 തീയതികളിൽ പാകിസ്താൻ സൈന്യവും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തിൽ ചൈനയുടെ പങ്ക് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയെന്നും, പാകിസ്താൻ സൈന്യം ചൈനീസ് ആയുധങ്ങളെ ആശ്രയിക്കുകയും ചൈനീസ് ഇന്റലിജൻസിനെ ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും യു.എസ് റിപ്പോർട്ട് പറയുന്നു. ചൈന അവസരവാദപരമായി തങ്ങളുടെ ആയുധങ്ങളുടെ സങ്കീർണത പരീക്ഷിക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും സംഘർഷത്തെ മുതലെടുത്തുവെന്ന് പേജ് 109ൽ പറയുന്നു.

ജമ്മു-കശ്മീർ മേഖലയിൽ 26 സാധാരണക്കാരെ കൊന്നൊടുക്കിയ മാരകമായ ‘വിമത’ ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെത്തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളും 50 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ലക്ഷ്യങ്ങൾ പരസ്പരം ആക്രമിച്ചുവെന്നും അത് കൂട്ടിച്ചേർക്കുന്നു.

നാലു ദിവസത്തെ ഏറ്റുമുട്ടലിൽ എത്ര റഫാൽ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയത്തെക്കുറിച്ചും യു.എസ് റിപ്പോർട്ട് പറയുന്നു. ‘എച്ച്.ക്യു-9 വ്യോമ പ്രതിരോധ സംവിധാനം, പി.എൽ-15 എയർ-ടു-എയർ മിസൈലുകൾ, ജെ-10 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ചൈനയുടെ ആധുനിക ആയുധ സംവിധാനങ്ങൾ ആദ്യമായി സജീവ പോരാട്ടത്തിൽ ഉപയോഗിച്ചത് ഈ ഏറ്റുമുട്ടലായിരുന്നു’.

സംഘർഷത്തിന് ശേഷമുള്ള ആഴ്ചകളിൽ, ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിൽ തങ്ങളുടെ സംവിധാനങ്ങളുടെ വിജയത്തെ ചൈനീസ് എംബസികൾ പ്രശംസിക്കുകയും ആയുധ വിൽപന വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ത്യ ഉപയോഗിച്ച ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ വീഴ്ത്താൻ പാകിസ്താൻ ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ചു​വെന്നും ചൈനീസ് എംബസി പ്രത്യേക വിൽപന പോയിന്റായി മാറിയെന്നും പറയുന്നു. ഇന്ത്യയുടെ സൈന്യം പറത്തിയ മൂന്ന് ജെറ്റുകൾ മാത്രമേ വെടിവച്ചിട്ടുള്ളൂവെന്നും എല്ലാം റാഫേൽ ആയിരുന്നിരിക്കില്ല എന്നും റിപ്പോർട്ടുണ്ടെന്നും അതിൽ പറയുന്നു.

2000 ഒക്ടോബറിലാണ് യു.എസ്-ചൈന സാമ്പത്തിക-സുരക്ഷാ അവലോകന കമീഷൻ രൂപീകരിച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധത്തിന്റെ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും അന്വേഷിക്കാനും സമർപ്പിക്കാനും ഉചിതമായിടത്ത് നിയമനിർമാണ-ഭരണ നടപടികൾക്കായി കോൺഗ്രസിന് ശിപാർശ നൽകാനുമായിട്ടുള്ളതാണ് ഈ കമീഷൻ. ഇത് ഒരു രഹസ്യ റിപ്പോർട്ടല്ലെന്നും പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും സുരക്ഷാ വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

Tags:    
News Summary - US report raises questions again about India's Rafale losses and China's role in war with Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.