ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാറിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് വെല്ലുവിളിയായി 12.5 ശതമാനം അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ പുതിയ നിർദേശം. വ്യാപാര കരാറിന്റെ ഒന്നാം ഘട്ടത്തിന് അന്തിമരൂപം നൽകുന്നതിനായുള്ള മൂന്ന് ദിവസത്തെ നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം. നിർബന്ധിത തൊഴിൽ സാഹചര്യങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെടുന്നു എന്നാരോപിച്ചാണ് ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്കുമേൽ 12.5 ശതമാനം അധിക തീരുവ ചുമത്താൻ യു.എസ് നിർദേശിച്ചത്.
അമേരിക്കൻ ട്രേഡ് റപ്രസെന്റേറ്റിവ് (യു.എസ്.ടി.ആർ) പുറത്തുവിട്ട പുതിയ നികുതി നിർദേശങ്ങളിന്മേൽ യു.എസുമായി നിരന്തരം ചർച്ചകൾ നടത്തിവരുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയായ ദർപൻ ജെയിനാണ് ഇന്ത്യൻ സംഘത്തിന്റെ ചീഫ് നെഗോഷ്യേറ്റർ. ഫെബ്രുവരി രണ്ടിന് പ്രഖ്യാപിച്ച രൂപരേഖയുടെയും ഫെബ്രുവരി ഏഴിലെ സംയുക്ത പ്രസ്താവനയുടെയും അടിസ്ഥാനത്തിലാണ് ഇരുപക്ഷവും ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
വ്യാപാരക്കരാർ ഉടൻ തന്നെ യാഥാർഥ്യമാകുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭൂരിഭാഗം തർക്കവിഷയങ്ങളിലും ധാരണയായിട്ടുണ്ടെന്നും ഇനി വളരെ കുറച്ചു കാര്യങ്ങളിൽ മാത്രമേ അന്തിമ തീരുമാനം എടുക്കാനുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.