സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഹൈബി ഈഡൻ എം.പി തുടങ്ങി മറ്റു എം.പിമാർ ഡൽഹിയിൽ

ഉത്തർപ്രദേശിൽ സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം? രാഹുൽ, പ്രിയങ്ക, അഖിലേഷ് കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ​ലോക്സഭ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുതൽ അയോധ്യ രാമക്ഷേത്ര കൊള്ളവരെയുള്ള വിഷയങ്ങൾ ഇരുപാർട്ടികളുടെയും നേതൃത്വത്തിൽ ചർച്ച ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ പ്രതിപക്ഷത്തിന്റെ ഏകോപനം, ദേശീയ രാഷ്ട്രീയ സാഹചര്യം, യു.പിയിലെ ഭാവി രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവയും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യ മുന്നണിയുടെ സഹകരണം സംബന്ധിച്ച് ചർച്ചയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും സഖ്യമായി മത്സരിച്ചതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ധാരണ തുടരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസോ സമാജ്‌വാദി പാർട്ടിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യത്തിൽ 403ൽ 200 സീറ്റുകൾ വീതം തുല്യമായി പങ്കുവെക്കണമെന്ന് അടുത്തിടെ യു.പി കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം ആവശ്യപ്പെട്ടിരുന്നു. അതേസമയം, സീറ്റ് നേടുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് നേരത്തേതന്നെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുതിർന്ന നേതാക്കളുടെ യോഗം.

യു.പിയിൽ 100 സീറ്റുകളിലധികം നേടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 43 എണ്ണം സമാജ്‌വാദി പാർട്ടി-കോൺഗ്രസ് സഖ്യം നേടിയിരുന്നു. ഇതിന് പിന്നിൽ ദലിത് വോട്ടുകൾ ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി 37 സീറ്റുകൾ നേടി. ബാക്കിയുള്ളത് കോൺഗ്രസുമാണ് നേടിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് -സമാജ്‍വാദി പാർട്ടി സഖ്യമാണ് മത്സരിച്ചത്. 105 സീറ്റുകളിലാണ് കോൺഗ്രസ് അന്ന് മത്സരിച്ചത്.

Tags:    
News Summary - UP Seat Sharing Buzz As Rahul Gandhi Priyanka Gandhi And Akhilesh Yadav Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.