ഭൂഗർഭജലത്തിൽ അമിത അളവിൽ യുറേനിയം
വാഷിങ്ടൺ: രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിൽ അമിത അളവിൽ യുറേനിയം സാന്നിധ്യമെന്ന് ശാസ്ത്രജ്ഞർ. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന അളവിലും ഏറെ കൂടുതലാണിതെന്ന് പഠനം നടത്തിയ അമേരിക്കയിലെ ഡ്യൂക് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
എൻവയൺമെൻറൽ സയൻസ് ആൻഡ് ടെക്നോളജി ലെറ്റർ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ഭൂഗർഭജലത്തിൽ വ്യാപകമായി യുറേനിയം സാന്നിധ്യം വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. പ്രധാനമായും കുടിക്കാനും ജലസേചനത്തിനും ഉപയോഗിക്കുന്ന ഭൂഗർഭജലത്തിലെ യുറേനിയത്തിെൻറ വൻതോതിലെ സാന്നിധ്യം സമീപകാല പ്രതിഭാസമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ കുടിവെള്ളത്തിൽ ഒരു ലിറ്ററിൽ 30 മൈക്രോഗ്രാം യുറേനിയമേ പാടുള്ളൂവെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്. അതേസമയം, ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിശ്ചയിച്ച സുരക്ഷിതമായ കുടിവെള്ളത്തിനുള്ള മാനദണ്ഡങ്ങളിൽ യുറേനിയത്തെ മലിനീകാരികളുടെ പട്ടികയിൽപോലും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
അമിതമായ ഭൂഗർഭജല ചൂഷണവും നൈട്രേറ്റ് മലിനീകരണം പോലുള്ള മനുഷ്യ പ്രവർത്തനങ്ങളുമാവാം സ്വാഭാവികമായി ഭൂഗർഭ ജലത്തിലുള്ള യുറേനിയം സാന്നിധ്യത്തെ അപകടകരമായി ഉയർത്തുന്നതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ദീർഘകാല വൃക്കരോഗങ്ങൾ അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾക്ക് അമിതമായ അളവിലെ യുറേനിയം സാന്നിധ്യം കാരണമാകുമെന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഭൂഗർഭജലത്തിൽ യുറേനിയം (അനുവദനീയമായ അളവ് ഒരു ലിറ്ററിൽ 30 മൈക്രോ ഗ്രാം)
കുടിവെള്ളത്തിൽകൂടിയ അളവിൽ യുറേനിയം ഇവിടങ്ങളിൽ
- 16 സംസ്ഥാനങ്ങളിൽ
- വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ 26 ജില്ലകളിൽ
- ദക്ഷിണേന്ത്യയിലെ ഒമ്പതു ജില്ലകളിൽ
പഠനം
●ഗുജറാത്തിലെയും രാജസ്ഥാനിലെയും 324 കിണറുകളിലെ വെള്ളം ശേഖരിച്ച്
●16 സംസ്ഥാനങ്ങളിലെ 68 മുൻ പഠനങ്ങൾ വിശകലനം ചെയ്ത്
യുറേനിയം സാന്നിധ്യം വർധിക്കാൻ കാരണം
- പ്രകൃതിയിലെ സ്വാഭാവിക യുറേനിയം
- അമിത ഭൂഗർഭ ജല ചൂഷണം
- നൈട്രേറ്റ് മലിനീകരണം,
- ജലവും പാറയും തമ്മിലുള്ള സമ്പർക്കം
- ഒാക്സിഡേഷൻ പ്രക്രിയ
- ഭൂഗർഭജലത്തിലെ മറ്റ് രാസവസ്തുക്കളുമായുള്ള യുറേനിയത്തിെൻറ സമ്പർക്കം
ആരോഗ്യ അപകടം
●ദീർഘകാല വൃക്കരോഗം
●കാൻസർ
ചെയ്യേണ്ടത്
- ബി.എസ്.െഎ കുടിവെളള മാനദണ്ഡങ്ങളിൽ യുറേനിയം ഉൾപ്പെടുത്തണം
- ജല ഗുണനിലവാര പരിശോധന സംവിധാനം നവീകരിക്കണം
- ആരോഗ്യ അപകടങ്ങൾ വിലയിരുത്തണം
- പരിഹാര സാങ്കേതിവിദ്യ വികസിപ്പിക്കണം
- പ്രതിരോധ നടപടി സ്വീകരിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.