ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയെയും മകനെയും തിരികെ എത്തിച്ചു

കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാരിയാക്കി ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയെയും മകനെയും തിരികെ എത്തിച്ചു. സൊനാലി ഖാത്തൂൺ എന്ന 26കാരിയായ ബംഗാളി യുവതി, എട്ട് വയസുള്ള മകനെയുമാണ് മാതൃരാജ്യത്ത് തിരികെ എത്തിയത്. വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ മാൾഡയിൽ ജില്ല ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ മടക്കം. സുപ്രീംകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് യുവതിയെയും മകനെയും അധികൃതർ തിരികെ എത്തിച്ചത്.

അഞ്ച് മാസം മുമ്പാണ് അധികൃത കുടിയേറ്റക്കാരാണെന്ന് മുദ്രകുത്തി സൊനാലി ഖാത്തൂൺ, ഭർത്താവ് ദാനിഷ് ഷേഖ്, കുടുംബാംഗങ്ങൾ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജൂൺ 27ന് സൊണാലി അടക്കം ആറു പേരെയും അതിർത്തി വഴി ബംഗ്ലാദേശിലേക്ക് നാടുകടത്തി. എന്നാൽ, രാജ്യത്തെത്തിയ ഇവരെ പൗരന്മാരല്ലെന്ന് കണ്ടെത്തി ബംഗ്ലാദേശ് അധികൃതർ ജയിലിലാക്കി.

ഇതിന് പിന്നാലെ പിതാവ് ഭോദു ഷേഖിന്‍റെ ഹരജിയിൽ സൊനാലിയെയും കുടുംബത്തെയും മോചിപ്പിക്കണമെന്ന് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടു. തുടർന്ന് ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അപ്പീൽ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂ​ര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്.

സൊനാലി വിഷയത്തിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, യുവതിയെ എട്ട് വയസുള്ള മകനൊപ്പം രാജ്യത്ത് തിരികെ എത്തിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. സൊനാലിയെയും കുടുംബത്തെയും നാടുകടത്തിയ ഉത്തരവ് കോടതി റദ്ദാക്കിയ കോടതി, ഗർഭിണിയായ യുവതിയുടെ അവസ്ഥ പരിഗണിച്ച് അവരെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് അറിയിച്ചു.

സൊനാലിയുടെ പിതാവ് ഭോദു ഷേഖിന്‍റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, പൗരത്വ നിയമപ്രകാരം സൊണാലിയും കുട്ടിയും ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ജോയ്മല്യ ബഗ്ചി വ്യക്തമാക്കി.

ബംഗ്ലാദേശിലെ ചപായി നവാബ്ഗഞ്ച് ജില്ല കോടതി സൊനാലിക്കും ഭർത്താവ് ദാനിഷിനും മകനും ജാമ്യം നേരത്തെ അനുവദിച്ചിരുന്നു. ബംഗ്ലാദേശി കറൻസിയായ 5000 ടാക്ക അടച്ചാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, രാജ്യം വിടാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് കോടതി ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയെ വിവരം കൈമാറി. കുടുംബ സുഹൃത്തും സാമൂഹ്യ പ്രവർത്തകനുമായ മൊഫ്സുൽ ഇസ്‍ലാമിന്‍റെ സംരക്ഷണയിലാണ് സൊനാലിയും കുടുംബവും ഇതുവരെ കഴിഞ്ഞിരുന്നത്.

സൊനാലിയെ നാടുകടത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നതെന്ന് മമത ചോദിച്ചു. സൊനാലി ഖാത്തൂൺ ബംഗ്ലാദേശിയായിരുന്നോ? അവർ ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നിട്ടും ബി.എസ്.എഫിനെ ഉപയോഗിച്ച് നിങ്ങൾ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്നും മമത കുറ്റപ്പെടുത്തി. 

Tags:    
News Summary - Pregnant Birbhum lady returns from Bangladesh after Supreme Court intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.