ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് നടന്ന വാഹനാപകടത്തിൽ അയ്യപ്പഭക്തരടക്കം അഞ്ച് പേർ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരും കാറോടിച്ച ഡ്രൈവറുമാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചത്.
കീഴക്കര മേഖലയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഏഴ് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനവുമായി തമിഴ്നാട് പൊലീസ് രംഗത്തെത്തി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു. അമിതവേഗതയാണോ ഡ്രൈവർ ഉറങ്ങിയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തിൽ കാറുകളിലൊന്നിന്റെ മുൻവശം പൂർണമായും തകർന്നനിലയിലാണ്. മരിച്ചവരുടെ മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാമനാഥപുരത്ത് അയ്യപ്പഭക്തർ വഴിയോരത്ത് കാർ നിർത്തി വിശ്രമിക്കുമ്പോൾ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.