ചെന്നൈ: തിരുപ്പറകുൺറം കാർത്തിക ദീപം കൊളുത്തൽ വിവാദം ആളിക്കത്തിച്ച് സംഘ്പരിവാർ. വർഗീയ സംഘർഷമുണ്ടാക്കാനുള്ള നീക്കം ശക്തമായി നേരിടുന്ന ഡി.എം.കെ സർക്കാറിന് മതേതര- ന്യൂനപക്ഷ-ഇൻഡ്യാ സഖ്യ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ അയോധ്യക്ക് സമാനമായ നിലയിലാണ് സംഘ്പരിവാർ വിഷയത്തെ ഉയർത്തിക്കൊണ്ടുവരുന്നത്.
തിരുപ്പറകുൺറം കുന്നുകളിലായാണ് മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ സുബ്രമണ്യ സ്വാമി ക്ഷേത്രവും സുൽത്താൻ സിക്കന്ദർ അവുലിയ ദർഗയും സ്ഥിതി ചെയ്യുന്നത്. കാർത്തിക ദീപ മഹോത്സവത്തോടനുബന്ധിച്ച് നൂറുവർഷത്തിലേറെയായി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉച്ചിപിള്ളയാർ കോവിലിലെ സ്തംഭത്തിലാണ് കാർത്തിക ദീപം തെളിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ കുറെക്കാലമായി തൊട്ടടുത്ത കുന്നിന് മുകളിലുള്ള ദർഗക്ക് സമീപമുള്ള ‘ദീപ തൂൺ’ എന്ന് വിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. ഇതുൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് 2014ലെ മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പിന്തുടർന്നാണ് ക്ഷേത്ര-ദർഗ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നത്.
ദർഗക്ക് സമീപമുള്ള സ്തംഭത്തിൽ കാർത്തിക ദീപം തെളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി നേതാവായ രാമ രവികുമാർ മധുര ഹൈകോടതിയിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ചിൽ ഹരജി സമർപ്പിച്ചതോടെയാണ് പുതിയ വിവാദമുണ്ടായത്. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ തിരുപ്പറകുൺറം സന്ദർശിക്കുകയും അടുത്ത ദിവസം ഹരജിക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ദർഗക്ക് സമീപമുള്ള സ്തംഭത്തിൽ ബുധനാഴ്ച ഹരജിക്കാരൻ ഉൾപ്പെടെയുള്ള സംഘത്തിന് കാർത്തിക ദീപം കൊളുത്താനാണ് അനുമതി നൽകിയത്. ഇവർക്ക് മധുര സിറ്റി പൊലീസ് കമീഷണർ സുരക്ഷ ഒരുക്കണമെന്നും നിർദേശിച്ചു. എന്നാൽ, പൊലീസ് തടഞ്ഞതോടെ സംഘ്പരിവാർ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് അതിക്രമിച്ചുകയറി. സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു.
ഉത്തരവ് നടപ്പാക്കാനാവാത്തതിനാൽ അടുത്ത ദിവസം സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിന്മേൽ, വ്യാഴാഴ്ച വൈകീട്ട് ആറര മണിക്ക് ദർഗക്കടുത്ത സ്തംഭത്തിൽ ദീപം കൊളുത്തുന്നതിന് രാമ രവി കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിന് അനുമതി നൽകിയ കോടതി മധുര ഹൈകോടതി ബെഞ്ചിന്റെ നിയന്ത്രണത്തിലുള്ള സി.ഐ.എസ്.എഫ് വിങ്ങിനോട് അകമ്പടി പോകാനും ഉത്തരവിട്ടു.
ഇതേത്തുടർന്നാണ് ബി.ജെ.പി, ഹിന്ദുമക്കൾ കക്ഷി, ഹനുമാൻ സേന, ഹിന്ദുമുന്നണി, ഹിന്ദു തമിഴർ കക്ഷി തുടങ്ങിയ സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകർ 60ഓളം സി.ഐ.എസ്.എഫ് ഭടന്മാരുമൊന്നിച്ച് സിക്കന്ദർമലയിലേക്ക് ദീപം തെളിക്കൽ മാർച്ച് സംഘടിപ്പിച്ചത്. ഇത് വർഗീയ സംഘർഷത്തിനിടയാക്കുമെന്നതിനാൽ മധുര ജില്ല കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.