ജവാഹർലാൽ നെഹ്റു, സോണിയ ഗാന്ധി

ബി.ജെ.പി നെഹ്‌റുവിനെ അവഹേളിക്കുന്നെന്ന് സോണിയ; കുടുംബപ്പേര് ‘ഗാന്ധി’ മാറ്റി ‘നെഹ്റു’ ആക്കൂവെന്ന് ബി.ജെ.പി വക്താവ്

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അവഹേളിക്കലാണ് ഇന്ന് ഭരണകൂടത്തിന്റെ പ്രധാനലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ രാജ്യചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നത്. അദ്ദേഹത്തെ ലക്ഷ്യമിടുകവഴി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അടിത്തറകൂടി നശിപ്പിക്കുകയാണ് ബി.ജെ.പിയെന്നും സോണിയ ആരോപിച്ചു. ജവഹര്‍ ഭവനില്‍ നെഹ്‌റു സെന്റര്‍ ഇന്ത്യ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.

നെഹ്‌റുവിനെ വ്യക്തിപരമായി മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം നല്‍കിയ, ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പങ്കിനെ കുറച്ചുകാണിക്കാൻ കൂടിയാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തില്‍ നെഹ്‌റുവിന്റെ ബഹുമുഖ പൈതൃകം തകര്‍ക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. അത് അംഗീകരിക്കാനാകില്ല. നെഹ്‌റുവിനെ ചെറുതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ രൂപവത്കരണത്തിലും ഒരു പങ്കുമില്ലാത്തവരാണ്. ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ച പ്രത്യയശാസ്ത്രം പേറുന്നവരാണ് ഇവരെന്നും സോണിയ പറഞ്ഞു.

നെഹ്‌റു ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നയിക്കുന്ന പ്രകാശഗോപുരമായി തുടരുന്നു. നെഹ്‌റുവിനെപ്പോലൊരു വ്യക്തിയുടെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അത് അങ്ങനെത്തന്നെയായിരിക്കുമെന്നും സോണിയ പറഞ്ഞു.

ഇതിനുപിന്നാലെ, സോണിയയുടെ പരാമര്‍ശങ്ങളെ എതിര്‍ത്ത് ബി.ജെ.പി വക്താവ് ടോം വടക്കന്‍ രംഗത്തെത്തി. നെഹ്‌റുവിനോട് അത്ര ബഹുമാനമുണ്ടായിരുന്നെങ്കില്‍, കുടുംബപ്പേരില്‍ നെഹ്‌റു എന്നായിരുന്നു ചേര്‍ക്കേണ്ടിയിരുന്നത്. നെഹ്റുവിന് പകരം ഗാന്ധിക്കാണ് ഇപ്പോഴും മുൻഗണന നൽകുന്നതെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ടെന്നും ടോം വടക്കൻ പറഞ്ഞു. നെഹ്‌റുവിന്റെ സംഭാവനകളെ വിലകുറച്ച് കണ്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. തെറ്റുകള്‍ മനുഷ്യസഹജമാണ്. എന്നാല്‍, അതൊക്കെ മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. യാഥാര്‍ഥ്യം പുറത്ത് വരുമ്പോള്‍ അതിനെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും ടോം വടക്കന്‍ പറഞ്ഞു.

Tags:    
News Summary - Sonia Gandhi Targets BJP Over Nehru Criticism, A Surname Counter Follows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.