ചെന്നൈ: 2026 നിയമസഭ തെരഞ്ഞെടുപ്പിലും ഡി.എം.കെയുമായി സഖ്യം തുടരുമെന്ന് കോൺഗ്രസ് ആവർത്തിക്കുന്നതിനിടെ, പാർട്ടി നേതാവ് പ്രവീൺ ചക്രവർത്തി നടനും ടി.വി.കെ നേതാവുമായ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചയാകുന്നു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ഇൻചാർജ് ഗിരിഷ് ചൊദാങ്കർ ബുധനാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സഖ്യസാധ്യതകൾ ചർച്ച ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത്. കോൺഗ്രസിന്‍റെ ഡേറ്റ അനലിറ്റിക്സ് തലവൻ കൂടിയായ പ്രവീൺ, ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും എന്താണ് ചർച്ച ചെയ്തതെന്ന് വിട്ടുപറയാൻ തയാറായില്ല.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നേരിട്ട് ബന്ധമുള്ളയാളാണ് പ്രവീണെന്നും ദേശീയ നേതൃത്വത്തിന്‍റെ അറിവില്ലാതെ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തില്ലെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ സാന്നിധ്യം കൂടുതൽ വിശാലമാക്കാനും സീറ്റ് ഷെയറിങ്ങിലും അധികാരത്തിലെത്തിയാൽ മന്ത്രിസഭയിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ കഴിയുന്ന വിധത്തിലും പുതിയ സഖ്യസാധ്യത തേടുന്നതായാണ് വിവരം.
ഇതിനിടെ തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും നാല് മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുമായി വിലപേശൽ ശേഷി കൂട്ടാനും കൂടുതൽ മന്ത്രിസ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.