ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുള്ള രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കിയ അത്താഴവിരുന്നില്‍ മുതിർന്ന കോൺഗ്രസ് നേതാവ് തരൂര്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ക്ഷണിക്കാതിരുന്ന വിരുന്നിലാണ് തരൂർ പങ്കെടുത്തത്. ക്ഷണം തരൂർ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് തരൂർ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
വിരുന്നിന് ക്ഷണം നൽകിയവരും പോയവരും ചോദ്യം നേരിടണം എന്നും താനായിരുന്നെങ്കിൽ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര പറഞ്ഞു. പാര്‍ട്ടിയിലെ നമ്മുടെ നേതാക്കള്‍ക്ക് ക്ഷണം ലഭിക്കാതിരിക്കുകയും നമ്മളെ ക്ഷണിക്കുകയുമാണെങ്കില്‍ മനസ്സാക്ഷിയോട് ചോദിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇതിലെല്ലാം രാഷ്ട്രീയം കളിക്കുന്നുണ്ട്. ക്ഷണിക്കുന്നവരുടെയും ക്ഷണം സ്വീകരിക്കുന്നവരുടെയും മേല്‍ സംശയത്തിന്റെ നിഴലുണ്ട്. പവന്‍ ഖേര പറഞ്ഞു.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും ക്ഷണിച്ചിരുന്നില്ല. എന്നാൽ, വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നുമാണ് ശശി തരൂരിന്‍റെ നിലപാട്.
വിരുന്നിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് വിമർശിച്ചു.
തനിക്ക് ക്ഷണം ലഭിച്ചതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ ഇന്നലെ അറിയിച്ചിരുന്നു. 'തനിക്ക് ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല,' തരൂര്‍ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ബഹുമാനാർത്ഥം ഇന്നലെ വൈകീട്ടാണ് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കിയത്. രാഷ്ട്രീയം, ബിസിനസ്, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിരുന്നിലേക്ക്ക്ഷണിച്ചിട്ടുണ്ട്. രാജ്യം സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന് നല്‍കി ആദരിക്കുന്ന കീഴ് വഴക്കമുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ പ്രാദേശിക, ആഗോള വിഷയങ്ങളിൽ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾ ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകിട്ടാണ് പുടിൻ ഡൽഹിയിലെത്തിയത്. പരമ്പരാഗത രീതിയിലുള്ള വരവേൽപ്പാണ് വിമാനത്താവളത്തിൽ പുടിന് ലഭിച്ചത്. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി. രണ്ടു രാജ്യങ്ങളിലെയു വ്യവസായികളുമായും മോദിയും പുടിനും കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അത്താഴ വിരുന്നിന് രണ്ടു നേതാക്കുളും ഒരുമിച്ചാണ് പോയത്. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യൻ തർജമ സമ്മാനിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിഷയം നേതാക്കൾ ചർച്ച ചെയ്തു. ചെറു മോഡുലർ റീയാക്‌ടറുകളുടെ രംഗത്തെ ഉഭയകക്ഷി സഹകരണത്തിനും, വ്യാപരത്തിനും ചർച്ചയിൽ ഊന്നൽ ഉണ്ടായി. റഷ്യൻ പ്രസിഡന്‍റ് 27 മണിക്കൂറാണ് ഇന്ത്യയിൽ തങ്ങിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് പ്രാധാന്യം കൂടുതലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.