ന്യൂഡൽഹി: കേരളത്തിൽ ദേശീയപാത നിർമാണത്തിനിടയിൽ മൂന്നു വർഷത്തിനിടെ ഉണ്ടായ 24 അപകടങ്ങളിൽ മരിച്ചത് 21 പേരെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ജെബി മേത്തർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മരിച്ചവരിൽ 11 പേരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകി. ദേശീയപാത 66ന്റെ ഗുണമേന്മ പരിശോധന നടത്തുന്നതിന് നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൊല്ലത്ത് ദേശീയപാതയിൽ 66ൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കൊല്ലം കൊട്ടിയത്താണ് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിൽ കൊട്ടിയത്തിന് സമീപം മൈലക്കാട് ആണ് വെള്ളിയാഴ്ച വൈകിട്ട് 4.15ഓടെ ദേശീയപാത പൊട്ടിത്തകർന്നത്. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്‍റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അടിപ്പാതയോട് ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ബ്ലോക്കുകൾക്ക് അകത്ത് നിറച്ചുകൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞു താഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഏകദേശം 200 മീറ്ററോളം റോഡ് താഴ്ന്നു പോയിട്ടുണ്ട്. ഇതോടെ കൂറ്റൻ പാർശ്വഭിത്തി തകർന്നു. ഇത് ഇടിഞ്ഞ് താഴ്ന്നത് താഴെ പോകുന്ന സർവീസ് റോഡിലേക്കാണ്. ഇതോടെ സർവീസ് റോഡ് വിണ്ടുകീറി. ഈ സമയം ഇതുവഴി പോകുകയായിരുന്ന സ്കൂൾ ബസ് അടക്കം വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്കൂൾ ബസിൽനിന്ന് കുട്ടികളെ ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ കാറുകളടക്കം നിരവധി വാഹനങ്ങളും റോഡിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.