ന്യൂഡ ൽഹി: ഒരാഴ്ചമുമ്പ് മറ്റൊരു സംഘ്പരിവാർ അജണ്ടക്ക് തിരിച്ചടിയേറ്റ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽനിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങിയ ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായക്ക് കൃത്യം ഒരാഴ്ച കഴിഞ്ഞ് ജസ്റ്റിസ് ജോസഫിന്റെ ബെഞ്ചിൽ നിന്നുണ്ടായത് തനിയാവർത്തനമായി. മുത്തലാഖ്, ചടങ്ങ് കല്യാണം, ബഹുഭാര്യത്വം തുടങ്ങി നിരവധി സംഘ്പരിവാർ അജണ്ടകളുമായി കോടതിയിലെത്തിയ അശ്വിനികുമാർ ഉപാധ്യായക്ക് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ഹരജിയിലാണ് കഴിഞ്ഞയാഴ്ച തിരിച്ചടിയേറ്റത്.
ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജി സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തി തള്ളിയതിൽ നീരസം പ്രകടിപ്പിച്ച ഉപാധ്യായയോട് താങ്കളെയോ മറ്റാരെയെങ്കിലും പ്രീതിപ്പെടുത്താനല്ല, ഭരണഘടനാബാധ്യത നിറവേറ്റാനാണ് തങ്ങളിവിടെയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഈമാസം 20ന് ഓർമിപ്പിച്ചിരുന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലനാമങ്ങൾ മാറ്റാനുള്ള തന്റെ ഹരജി ചോദ്യംചെയ്ത ജസ്റ്റിസ് ജോസഫിന്റ ബെഞ്ചിനോട് തർക്കിച്ച അശ്വിനികുമാർ ഉപാധ്യായ നിരവധി ചരിത്ര സ്ഥലങ്ങളിൽനിന്ന് ഹിന്ദുക്കൾ തുടച്ചുമായ്ക്കപ്പെട്ടുവെന്ന് വാദിച്ചു.
അഫ്ഗാനിസ്താനിലും പാകിസ്താനിലും മാത്രമല്ല, ഇന്ത്യയിൽപോലും ഏഴ് സംസ്ഥാനങ്ങളിലും 200 ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ഉപാധ്യായ വാദിച്ചു. എല്ലാവർക്കും മതപരമായ മൗലികാവകാശമുണ്ടെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞപ്പോൾ ഇന്ത്യക്കാർക്ക് മാത്രമേ ആ അവകാശമുള്ളൂ എന്നും വിദേശ അധിനിവേശക്കാർക്കില്ലെന്നുമായി ഉപാധ്യായയുടെ മറുവാദം. ഔറംഗസീബിനും ലോധിക്കും ഗസ്നിക്കും ഇന്ത്യയുമായി എന്താണ് ബന്ധമെന്ന് ഉപാധ്യായ ചോദിച്ചപ്പോൾ ചരിത്രം തിരുത്തിയെഴുതാൻ നമുക്ക് കഴിയുമോ എന്ന് ജ. ജോസഫ് തിരിച്ചുചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.