ബിൽക്കീസ് ബാനു കേസ്: അനുഭവിച്ചവർക്കറിയാം പ്രയാസം -കേസ് പരിഗണിച്ച മുൻ ജഡ്ജി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിക്ക് പിന്നാലെ പ്രതികരണവുമായി കേസ് പരിഗണിച്ച മുൻ ജഡ്ജി ജസ്റ്റിസ് യു.ഡി സാൽവി. പ്രതികളെ വിട്ടയച്ച തീരുമാനം ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ആരാണോ അനുഭവിച്ചത് അവർക്കറിയാം അതിന്‍റെ പ്രയാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജിയായിരുന്നു സാൽവി.

'വളരെ കാലങ്ങൾക്ക് മുമ്പാണ് കേസിൽ വിധി പ്രസ്താവിച്ചത്. എന്നാൽ ഇത് ഇന്ന് സർക്കാറിന്‍റെ കൈകളിലാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയോ സുപ്രിംകോടതിയോ ആണ്' -സാൽവി പറഞ്ഞു.

അതേസമയം, ഗുജറാത്ത് സർക്കാറിന്‍റെ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമാവുകയാണ്. ഗുജറാത്ത് സർക്കാറിന്‍റെ നടപടിക്കെതിരെ മനുഷ്യാവകാശപ്രവർത്തകരും ചരിത്രകാരൻമാരുമടങ്ങിയ 6000ഓളം വ്യക്തികൾ ഒപ്പിട്ട് സംയുക്തപ്രസ്താവന ഇറക്കിയിരുന്നു. സർക്കാറിന്‍റെ നടപടി റദ്ദാക്കണെന്ന് പിൻവലിക്കണമെനന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗുജറാത്ത് സർക്കാറിന്‍റെ തീരുമാനം കോടതിക്ക്മേലുള്ള തന്‍റെ വിശ്വാസത്തെ ഉലച്ചുകളഞ്ഞെന്ന് ബിൽക്കീസ് ബാനു പ്രതികരിച്ചിരുന്നു. ഭയമില്ലാതെയും മനുഷ്യാവകാശ പ്രവർത്തകർക്ക് സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശത്തെ തിരികെ നൽകണമെന്ന് ഗുജറാത്ത് സർക്കാറിനോട് ബിൽക്കീസ് ബാനു അഭ്യർഥിച്ചു.

ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കേസിലെ 11പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 14 വർഷം ജയിലിൽ കഴിഞ്ഞത് പരിഗണിച്ചും പ്രതികളുടെ പ്രായം, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ അനുസരിച്ചുമാണ് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുത്തതെന്നും ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജ്കുമാർ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഗുജറാത്ത് സർക്കാർ രൂപീകരിച്ച സമിതി പതിനൊന്ന് പ്രതികളെയും വിട്ടിയക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. പത്തംഗ സമിതിയിലെ അഞ്ച് അംഗങ്ങളും ബി.ജെ.പി ഭാരവാഹികളാണ്.

Tags:    
News Summary - Up to courts to decide if freeing convicts is right, says judge who sentenced them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.