തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിൻബലത്തിൽ യു.പി. ഭരണം പിടിക്കാൻ എ.എ.പിയും കോൺഗ്രസും

ലക്നോ: ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന അവകാശവാദവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്ത്. 2022ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പി രാഷ്ട്രീയത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുപാർട്ടികളും. അതിനുള്ള അവസരമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ എ.എ.പിയും കോൺഗ്രസും കാണുന്നത്.

കോൺഗ്രസിനെക്കാൾ വലിയ ബഹുജന പിന്തുണ തങ്ങൾക്ക് ലഭിച്ചെന്നാണ് എ.എ.പിയുടെ അവകാശവാദം. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

83 ജില്ലാ പഞ്ചായത്ത് സീറ്റിലും 300 ഗ്രാമപഞ്ചായത്ത് സീറ്റിലും 232 ബ്ലോക് പഞ്ചായത്ത് സീറ്റിലും എ.എ.പി സ്ഥാനാർഥികൾ വിജയിച്ചതായി രാജ്യസഭ എം.പിയും മുതിർന്ന നേതാവുമായ സഞ്ജയ് സിങ് പറഞ്ഞു. 40 ലക്ഷം പേർ എ.എ.പിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സൗജന്യ ജലം, വൈദ്യുതി അടക്കമുള്ള കെജ് രിവാൾ മോഡൽ ഭരണം ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥികൾ 270 സീറ്റുകളിൽ വിജയിച്ചെന്നും 571 സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തിയെന്നും യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു വ്യക്തമാക്കി. തൊഴിലില്ലായ്മ, മോശം ക്രമസമാധാന പാലനം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ ഉയർത്തിയതാണ് കോൺഗ്രസിനെ വോട്ടർമാർ പിന്തുണക്കാൻ കാരണമെന്ന് ലല്ലു ചൂണ്ടിക്കാട്ടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാർട്ടി കൈവരിച്ചത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റിൽ 782 ഇടത്ത് എസ്.പി വിജയിച്ചു. ഭരണകക്ഷിയായ ബി.ജെ.പി 580 സീറ്റിൽ മാത്രമാണ് നേടാനായത്. ബി.എസ്.പി 336 സീറ്റുകൾ പിടിച്ചു.  

Tags:    
News Summary - UP panchayat polls: AAP claims huge public support, Congress says ready for 2022 assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.