ലഖ്നോ: മകൾക്ക് ഇൻസുലിൻ വാങ്ങാനായി സഹായം അഭ്യർഥിച്ചതിന് പിന്നാലെ യു.പി വ്യവസായി ആത്മഹത്യ ചെയ്തു. ലഖ്നോവിൽ നിന്നുള്ള വ്യവസായിയാണ് വിഡിയോ ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. കരഞ്ഞുകൊണ്ടാണ് ഇയാൾ ഫേസ്ബുക്കിൽ വിഡിയോയിട്ടത്. റിയൽ എസ്റ്റേറ്റ് വ്യവസായായ തനിക്ക് കോടികളുടെ കടമുണ്ടെന്നും മകളുടെ ചികിത്സക്കുള്ള ഇൻസുലിൻ വാങ്ങാനുള്ള പണം പോലും കൈവശമില്ലെന്നുമായിരുന്നു വിഡിയോയിൽ പറഞ്ഞിരുന്നു.
ആത്മഹത്യ ചെയ്ത വ്യവസായിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സെക്യുരിറ്റി ഗാർഡിന്റെ ആയുധം ഉപയോഗിച്ചാണ് ഇയാൾ വെടിയുതിർത്തത്.
സെലിബ്രേറ്റികളും വ്യവസായികളും തന്നെ സഹായിക്കണമെന്നാണ് വിഡിയോയിലൂടെ വ്യവസായി അഭ്യർഥിച്ചിരുന്നത്. കടബാധ്യതയുടെ സമ്മർദം തനിക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. മകൾക്ക് ഇൻസുലിൻ വാങ്ങാനുള്ള പണം പോലും തനിക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് ലൈവ് കുടുംബാംഗങ്ങൾ കണ്ടതിനെ തുടർന്ന് വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ, വ്യവസായിയുടെ അടുത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.