മതവികാരം വ്രണപ്പെടുത്തിയെന്ന്; യു.പിയിലും ഡൽഹിയിലും ലീന മണിമേഖലക്കെതിരെ കേസ്

ന്യൂഡൽഹി: 'കാളി' ഡോക്യുമെന്‍ററിയുടെ പോസ്റ്ററിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംവിധായിക ലീന മണിമേഖലക്കെതിരെ യു.പിയിലും ഡൽഹിയിലും കേസ്. മതവികാരം വ്രണപ്പെടുത്തൽ, ഗൂഢാലോചന, സാമുദായിക സ്പർദ വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കാളി പോസ്റ്ററിന്‍റെ പേരിൽ ലീന മണിമേഖലക്കെതിരെ സംഘ്പരിവാർ അണികൾ സൈബർ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് കേസ്.

ഗോമഹാസഭ നേതാവ് അജയ് ഗൗതം, ഡൽഹിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം, തനിക്ക് ഭയമില്ലന്നും ജീവൻ ത്യജിക്കേണ്ടി വന്നാൽ അതിനും തയാറാണെന്നും ലീന സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഇത്തരം പ്രതിഷേധക്കാർക്ക്‌ മതവുമായോ വിശ്വാസവുമയോ ഒരു ബന്ധവുമില്ലന്നും അവർ വിമർശിച്ചു.

കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് ഡോക്യുമെന്‍ററി പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ അണികൾ വൻ പ്രതിഷേധമുയർത്തി. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സൈബർ പ്രചാരണം വ്യാപകമാണ്.

കാനഡയിലെ ടൊറന്റോയിലെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ലീന 'കാളി' ഡോക്യുമെന്ററിയെടുത്തത്. ടൊറന്റോയിലെ തെരുവിൽ സായാഹ്നത്തിൽ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Tags:    
News Summary - UP and Delhi Police files FIR against ‘Kaali’ director Leena Manimekalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.