ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രമുഖ ആരാധനാലയങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവയുൾപ്പെടെ 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും. ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് അടുത്ത മാസം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും എന്ന് റിപ്പോർട്ട് ചെയ്തത്.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. നിർദ്ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ നിയന്ത്രണ പ്രകാരം, അഹിന്ദുക്കൾക്ക് ക്ഷേത്ര സമുച്ചയങ്ങളിലോ ശ്രീകോവിലിലോ പ്രവേശിക്കാൻ അനുവാദമില്ല.
ആദി ശങ്കരാചാര്യരുടെ കാലം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിയന്ത്രിക്കുന്ന പാരമ്പര്യം നിലവിലുണ്ടെന്നാണ് ഹേമന്ത് ദ്വിവേദി പറഞ്ഞത്. 'ബദരിനാഥും കേദാർനാഥും വിനോദസഞ്ചാര കേന്ദ്രങ്ങളല്ല, വിശ്വാസ കേന്ദ്രങ്ങളാണ്. ഇവ ആദി ശങ്കരാചാര്യർ സ്ഥാപിച്ച വേദ കേന്ദ്രങ്ങളാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം നൽകുന്നു' -ദ്വിവേദി പറഞ്ഞു.
നേരത്തെ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ രംഗത്തെത്തിയിരുന്നു. 2027ൽ നടക്കാനിരിക്കുന്ന അർധ കുംഭമേളക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും സനാതന പവിത്ര നഗരങ്ങളായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.