2021 മുതൽ എസ്‌.സി/എസ്‌.ടി അതിക്രമ ഹെൽപ് ലൈനിലേക്ക് വന്നത് 6.5 ലക്ഷത്തിലധികം കോളുകൾ; അതിൽ പകുതിയും ഉത്തർപ്രദേശിൽ നിന്ന്

ന്യൂഡൽഹി: 2021 ഡിസംബർ മുതൽ എസ്‌.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നാഷനൽ ഹെൽപ് ലൈൻ നമ്പറിലേക്ക് 6.5 ലക്ഷത്തിലധികം കോളുകൾ വന്നതായി റിപ്പോർട്ട്. മൊത്തം കോളുകളിൽ പകുതിയോളവും ഉത്തർപ്രദേശിൽ നിന്നാണ്. ലഭിച്ച പരാതികളിൽ 7,135 എണ്ണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും 4,314 എണ്ണം പരിഹരിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ നിന്ന് മാത്രം 3,33,516 കോളുകൾ ലഭിച്ചു, അതിൽ 1,825 എണ്ണം പരാതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും 1,515 എണ്ണം പരിഹരിക്കുകയും ചെയ്തതായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു. ബിഹാറും രാജസ്ഥാനുമാണ് പരാതികളുടെ കാര്യത്തിൽ തൊട്ടുപിന്നിൽ.

ബിഹാറിൽ നിന്ന് 58,112 കോളുകൾ ലഭിച്ചു. അതിൽ 718 പരാതികൾ രജിസ്റ്റർ ചെയ്തു. 707 എണ്ണം പരിഹരിക്കുകയും ചെയ്തു. രാജസ്ഥാനിൽ നിന്ന് 38,570 കോളുകളും 750 പരാതികളും റിപ്പോർട്ട് ചെയ്തു. അതിൽ 506 എണ്ണം പരിഹരിച്ചു.

ആക്രമണം, സാമൂഹിക ബഹിഷ്‌കരണം, ജാതി അടിസ്ഥാനമാക്കിയുള്ള ദുരുപയോഗം, ഭൂമി കൈയേറ്റം, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കൽ എന്നിവ മുതൽ അതിക്രമ കേസുകളിൽ പോലീസ് നിഷ്‌ക്രിയത്വം ആരോപിച്ചത് വരെ ഈ പരാതികളിൽ ഉൾപ്പെടുന്നു.

പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി) അംഗങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയും1989 ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ലൈൻ തുടങ്ങിയത്. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ 24 മണിക്കൂറും ഹെൽപ് ലൈൻ പ്രവർത്തിക്കുന്നുണ്ട്.

ഹെൽപ് ലൈനിൽ ലഭിക്കുന്ന കോളുകളിൽ ഭൂരിഭാഗവും അന്വേഷണങ്ങൾ, നിയമ മാർഗ നിർദേശത്തിനായുള്ള അഭ്യർഥനകൾ അല്ലെങ്കിൽ പരാതികളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ മതിയായ വിശദാംശങ്ങൾ ഇല്ലാത്ത റി​േപാർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.. എസ്‌.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള പ്രത്യേക അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടതും നിയമനടപടികൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ കോളുകൾ മാത്രമേ ഔദ്യോഗിക പരാതികളായി മാറ്റുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ 268 പരാതികൾ രജിസ്റ്റർ ചെയ്തെങ്കിലും പരിഹാരമായില്ല. അതേസമയം, ഗോവയിൽ ഒരു പരാതി മാത്രമേ ഉണ്ടായുള്ളൂ. അതിനും പരിഹാരമായിട്ടില്ല.

മധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന, കർണാടക എന്നിവിടങ്ങളിലും വ്യത്യസ്ത തലത്തിലുള്ള പരാതി രജിസ്ട്രേഷനും പരിഹാരവും ഗണ്യമായ തോതിൽ ലഭിച്ചു. മധ്യപ്രദേശിൽ 1,630 പരാതികൾ രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ 282 എണ്ണം മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂ. ഹരിയാനയിൽ ലഭിച്ച 392 പരാതികളിൽ 379 എണ്ണവും പരിഹരിച്ചു.

2021ൽ ​കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ആണ് ഈ ഹെൽപ് ലൈൻ തുടങ്ങിയത്. ഒരു വെബ് അധിഷ്ഠിത പോർട്ടലായും മൊബൈൽ ആപ്പായും ഇത് പ്രവർത്തിക്കുന്നുണ്ട്. ഓരോ പരാതിക്കും ഒരു ഡോക്കറ്റ് നമ്പർ നൽകിയിട്ടുണ്ട്.

Tags:    
News Summary - UP accounts for nearly half of 6.5L SC/ST atrocity helpline calls since 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.