കൊളംമ്പോ: പശ്ചിമേഷ‍്യ സംഘർഷത്തെത്തുടർന്ന് ഇന്ധനക്ഷാമം വർധിച്ചതോടെ ശ്രീലങ്കയിൽ എല്ലാ ബുധനാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ ആഴ്ചയിൽ പ്രവൃത്തിദിനം നാല് ദിവസമായി വെട്ടികുറച്ചു.
മാർച്ച് 18 മുതൽ എല്ലാ ബുധനാഴ്ചയും പൊതു അവധിയായിരിക്കുമെന്ന് എസൻഷ്യൽ സർവീസസ് കമ്മീഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി വ്യക്തമാക്കിയിരുന്നു. ആരോഗ്യസ്ഥാപനങ്ങൾ, തുറമുഖങ്ങൾ, ജലവിതരണം, കസ്റ്റംസ് തുടങ്ങിയവക്ക് അവധി ബാധകമല്ല. സ്കൂളുകൾ, സർവകലാശാലകൾ, ജുഡീഷ്യറികൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുന്നത്. സ്വകാര്യ മേഖലയും ഈ നടപടി പിന്തുടരുമെന്നാണ് സർക്കാർ നിഗമനം.
പ്രതിസന്ധികൾക്കിടയിൽ പൊതുസേവനങ്ങൾ തടസ്സമില്ലാതെ ലഭ‍്യമാക്കുന്നതിനെ പറ്റി ചർച്ച ചെയ്യാൻ പ്രസിഡന്‍റ് അനുര കുമാര ദിസനായക വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.
അനധികൃതമായി എണ്ണ ഒവിപ്പിച്ചുവെക്കുന്നത് തടയാൻ കഴിഞ്ഞ ആഴ്ച ശ്രീലങ്കയിൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. ഞായറാഴ്ച മുതൽ ഇന്ധന റേഷനിംഗ് സംവിധാനവും ഏർപ്പെടുത്തിയതോടെ എണ്ണവിതരണകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായും റഷ്യയുമായും സർക്കാർ ചർച്ചകൾ നടത്തിവരികയാണ്. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണവും ഇറാന്‍റെ പ്രത്യാക്രമണവുമാണ് ഗൾഫ് മേഖലയിലാകെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് പ്രതിസന്ധി വർധിക്കാനിടയാക്കി. ലോകത്തിലെ 20 ശതമാനത്തോളം എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടതോടെ എണ്ണ വില ബാരലിന് 100 ഡോളറിലെത്തി.
പാകിസ്താനും സമാനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാനും സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം നാല് ദിവസമാക്കി ചുരുക്കാനും വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.