ഡൽഹി: തെരഞ്ഞെടുപ്പിൽ 72 സീറ്റിൽ എൻ.ഡി.എയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചുവെന്ന് കേന്ദ്രസഹ മന്ത്രി ജോർജ് കുര്യൻ. വോട്ട് എണ്ണിക്കഴിയുമ്പോൾ എത്ര സീറ്റ് ലഭിച്ചുവെന്ന് അറിയാം. വോട്ടെണ്ണലിന് മുമ്പ് സീറ്റ് കാര്യങ്ങൾ പരസ്യമായി പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ജോർജ് കുര്യൻ പ്രതികരിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് സർക്കാരുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കൊഴുക്കുമ്പോൾ അധികാരം നിലനിർത്തുമെന്നും 90 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന അവകാശ വാദത്തിലാണ് എൽ.ഡി.എഫ്.
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി തുടർഭരണം ഉറപ്പാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പോളിങ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിങ് രീതി പരിശോധിക്കുമ്പോൾ എൽ.ഡി.എഫ് നയങ്ങൾക്ക് വൻജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പ്രസക്തിയിലാത്താകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബിജെപിയും വൻതോതിൽ പണമൊഴുക്കിയതായി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ പണം, കിറ്റ്, സാരി എന്നിവ വിതരണം ചെയ്ത് വോട്ട് പിടിക്കാനാണ് ഇവർ ശ്രമിച്ചത്. പക്ഷേ, അതുകൊണ്ടൊന്നും ഇടത് മുന്നണിയുടെ തുടർ ഭരണത്തെ തടയാൻ യു.ഡി.എഫിനോ എൻ.ഡി.എക്കോ സാധിക്കില്ലെന്നും സി.പി.എം സെക്രട്ടറി കൂട്ടിച്ചേർത്തു. യു.ഡി.എഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം കൊടുത്തു വോട്ട് പിടിക്കുന്നത് നേരിട്ട് കാണുന്ന ഒരു അവസ്ഥ ഇതുവരെ കേരളത്തിൽ ഉണ്ടായിരുന്നില്ല. പോളിങ് കഴിഞ്ഞതിനുശേഷം വലിയ അവകാശവാദമാണ് യു.ഡി.എഫ് നേതാക്കളും ചില മാധ്യമങ്ങളും മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ യു.ഡി.എഫുകാർ മന്ത്രിസഭ രൂപവത്കരണം പോലും സാങ്കൽപികമായി നടത്തിയിരുന്നു. അന്നും മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കുവെക്കുമെന്ന കാര്യം ചർച്ച ചെയ്യുകയുണ്ടായി. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സൺസ്റ്റാഫിന്റെ അംഗങ്ങളുടെ റിക്രൂട്ട്മെന്റും എല്ലാം പുറത്തുവന്നത് നാം കണ്ടതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 99 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ വരികയാണ് ചെയ്തത്. ഇപ്രാവശ്യവും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ വിശദാംശയത്തിലേക്ക് കടക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ദാരിദ്ര്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള അംഗീകാരം സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഉൾപ്പെടെ ചേർത്ത് നടപ്പാക്കിയ നേട്ടങ്ങളും മതനിരപേക്ഷത സൃഷ്ടിച്ച കേരളത്തിന്റെ പശ്ചാത്തലവും വളരെ വലിയ മതിപ്പോടുകൂടിയാണ് ജനങ്ങൾ വീക്ഷിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് പൊതുവിൽ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.