ഫയൽ കൊണ്ടുവരാത്തതിന് കേന്ദ്രമന്ത്രി മർദിച്ചു, കസേരകൊണ്ട് അടിച്ചു -പരാതിയുമായി ഒഡീഷ സർക്കാർ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: കേ​ന്ദ്രസഹമന്ത്രി ബിശ്വേശർ തുഡു കസേരയെടുത്ത് അടിച്ചുവെന്ന പരാതിയുമായി ഒഡീഷ സർക്കാർ ഉദ്യോഗസ്ഥർ. മയൂർബഞ്ച് ജില്ലയി​ലെ മന്ത്രിയുടെ ഓഫിസിൽവെച്ചാണ് സംഭവം. മയൂർബഞ്ച് ലേക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിശ്വേശർ തുഡു കേന്ദ്രമന്ത്രിസഭ പുനസംഘടനയിലാണ് മോദി സർക്കാറിൽ ഇടംപിടിച്ചത്.

വെള്ളിയാഴ്ച അവലോകന യോഗത്തിനായി ജില്ല പ്ലാനിങ് ആൻഡ് മോണിറ്ററിങ് യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അശ്വിനി കുമാർ മല്ലിക്ക്, അസിസ്റ്റന്റ് ഡയറക്ടർ ദേബാശിഷ് മോഹപത്ര എന്നിവരെ ബരിപാഡയിലെ ബി.ജെ.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യോഗത്തിനിടെ ഇരുവരും ചില ഫയലുകൾ കൊണ്ടുവന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഓഫിസ് മുറി അകത്തുനിന്ന് പൂട്ടിയ ശേഷം ഇരുവരെയും മന്ത്രി മർദിച്ചു. തുടർന്ന് ക​സേരയെടുത്ത് അടിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.

മർദനത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. ദേബാശിഷ് മോഹപത്രയുടെ കൈയ്ക്ക് പൊട്ടലുണ്ട്. അശ്വിനി മല്ലിക്കിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പി.ആർ.എം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം ആരോപണം കേന്ദ്രസഹമന്ത്രി നിഷേധിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പേരിന് കളങ്കമുണ്ടാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. 

Tags:    
News Summary - Union Minister assaults Odisha govt officials with chair for not bringing file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.