ന്യൂഡൽഹി: നിയമ കമീഷൻ വീണ്ടും ജനാഭിപ്രായം തേടിയതോടെ ഏക സിവിൽ കോഡ് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വെടിമരുന്നായി. ഭരണപ്പിഴവുകളിൽനിന്ന് ജനശ്രദ്ധ തിരിച്ച് വിഭാഗീയതക്ക് മൂർച്ചകൂട്ടാനാണ് ഏക സിവിൽ കോഡ് സർക്കാർ പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, മൗലികവാദികളുടെ സമ്മർദത്തിന് അടിപ്പെട്ടാണ് കോൺഗ്രസിന്‍റെയും മറ്റും എതിർപ്പെന്നാണ് ബി.ജെ.പിയുടെ പക്ഷം. അടുത്ത മാസം നടക്കേണ്ട പാർലമെന്‍റ് സമ്മേളനത്തിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും വിഷയം ചർച്ചയാകുമെന്ന് വ്യക്തമായി.

വിഭാഗീയ അജണ്ട തുടരാനുള്ള മോദി സർക്കാറിന്‍റെ ത്വരയാണ് പ്രകടമാകുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. വീണ്ടും അഭിപ്രായം തേടാനുള്ള നിയമ കമീഷൻ തീരുമാനം വിചിത്രമാണ്. 2018ൽ അഭിപ്രായം ക്ഷണിച്ച് കൂടിയാലോചന രേഖ തയാറാക്കിയിരുന്നതായി നിയമ കമീഷൻതന്നെ സമ്മതിക്കുന്നുണ്ട്. രണ്ടാമതും അഭിപ്രായം തേടുന്നതിന് വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. ഏക സിവിൽ കോഡ് ആവശ്യമോ അഭിലഷണീയമോ അല്ലെന്ന് കഴിഞ്ഞ നിയമ കമീഷൻ അഭിപ്രായപ്പെട്ടതാണ് വീണ്ടും ജനാഭിപ്രായം തേടുന്നതിന്‍റെ യഥാർഥ കാരണം. തങ്ങൾ മുന്നോട്ടുവെക്കുന്ന വിഭാഗീയ അജണ്ടക്ക് നീതികരണം കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് കാണേണ്ടത്.

‘‘ഇന്ത്യയുടെ ബഹുസ്വര സംസ്കാരമാണ് ആഘോഷിക്കപ്പെടേണ്ടത്. ദുർബല/പ്രത്യേക വിഭാഗങ്ങൾ തഴയപ്പെടരുത്. എല്ലാ വ്യത്യാസങ്ങളും ഇല്ലാതാക്കിയല്ല ഈ വിഷയം പരിഹരിക്കേണ്ടത്. ഏക സിവിൽ കോഡ് മുന്നോട്ടുവെക്കുന്നതിനു പകരം, വിവേചനപരമായ നിയമങ്ങളാണ് കമീഷൻ പരിശോധിച്ചത്. ഏക സിവിൽ കോഡ് ഈ ഘട്ടത്തിൽ ആവശ്യമോ അഭിലഷണീയമോ അല്ല. വ്യത്യസ്തതകൾ അംഗീകരിക്കുന്നതിലേക്കാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ നീങ്ങുന്നത്. വ്യത്യസ്തതകൾ നിലനിൽക്കുന്നതുകൊണ്ട് വിവേചനം ഉണ്ടാകണമെന്നില്ല. ഊർജസ്വലമായൊരു ജനാധിപത്യത്തിന്‍റെ സൂചകമാണ് ഈ വ്യത്യസ്തതകൾ.’’ -കഴിഞ്ഞ നിയമ കമീഷന്‍റെ നിലപാട് ഇതായിരുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

പരിഭ്രാന്തി പൂണ്ട് വിഭാഗീയ രാഷ്ട്രീയം പിന്തുടുകയാണ് മോദിസർക്കാറെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ എം.പി പറഞ്ഞു. പുതിയ തൊഴിലവസരമുണ്ടാക്കും, വിലക്കയറ്റം നിയന്ത്രിക്കും എന്നെല്ലാമുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. അപ്പോൾ വിഭാഗീയ രാഷ്ട്രീയം ആളിക്കുകമാത്രമാണ് വഴിയെന്ന് സർക്കാർ കാണുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും വരാനിരിക്കേ, അവകാശവാദങ്ങൾ മുന്നോട്ടുവെക്കാനില്ലാത്ത ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം വീണ്ടും ആളിക്കുകയാണെന്ന് സമാജ്വാദി പാർട്ടി എം.പി ഷഫീഖുർ റഹ്മാൻ ബർഖ് കുറ്റപ്പെടുത്തി.

എല്ലാ സാമൂഹിക-മത വിഭാഗങ്ങൾക്കുമിടയിൽ സമവായമില്ലാതെ ഏക സിവിൽ കോഡുമായി മുന്നോട്ടു പോകാനാവില്ലെന്ന് ജനതദൾ-യു അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഉപകരണമാക്കാതെ ജനക്ഷേമത്തിനുള്ള പരിഷ്കരണ നടപടിയായി ഏക സിവിൽ കോഡിനെ കാണണമെന്നാണ് 2017ൽ പാർട്ടി നേതാവ് നിതീഷ് കുമാർ നിയമ കമീഷനെ നിലപാട് അറിയിച്ചതെന്ന് ജനതദൾ-യു വക്താവ് കെ.സി. ത്യാഗി പറഞ്ഞു. കൂടിയാലോചനയില്ലാതെ അടിച്ചേല്പിക്കാവുന്നതല്ല ഏക സിവിൽ കോഡ്. അങ്ങനെ ചെയ്യുന്നത് സാമൂഹിക സംഘർഷങ്ങൾക്ക് ഇടയാക്കും.

എന്നാൽ, ഏക സിവിൽ കോഡിനെ കോൺഗ്രസും മറ്റും എതിർക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽവെച്ചാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സുപ്രീംകോടതി അടക്കം അനുകൂല കാഴ്ചപ്പാട് പറഞ്ഞ ഏക സിവിൽ കോഡ് നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി വക്താവ് ഷെഹ്സാദ് പുണെവാല പറഞ്ഞു. 

Tags:    
News Summary - uniform civil code become a tool for political discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.