ന്യൂഡൽഹി: കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യൻ ജനാധിപത്യം വ്യവസഥാപിതവും അപകടകരവുമായ ആക്രമണം നേരിടുകയാണെന്നും ഇത് നേരത്തെയുള്ളതിന്റെ അഞ്ചു മടങ്ങാണെന്നും കോൺഗ്രസ് ജറനൽ സെക്രട്ടറി ജയറാം രമേശ്. സർക്കാർ പാർലമെന്റിനെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും രമേശ് തുറന്നടിച്ചു.
മുൻ ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ 50ാം വാർഷികത്തിൽ കോൺഗ്രസിനെതിരെ ബി.ജെ.പി സമഗ്രമായ ആക്രമണ രീതി സ്വീകരിച്ചിരിക്കെ ഒരു പ്രത്യാക്രമണം ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ വാർഷികത്തിൽ മോദി സർക്കാർ ‘സംവിധാൻ ഹത്യ ദിവസ്’ എന്ന പേരിൽ ആഘോഷവും നടത്തിവരുന്നുണ്ട്.
‘കഴിഞ്ഞ പതിനൊന്ന് വർഷവും മുപ്പത് ദിവസവുമായി ഇന്ത്യൻ ജനാധിപത്യം വ്യവസ്ഥാപിതവും അപകടകരവുമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥ@11 എന്ന് വിശേഷിപ്പിക്കാമെന്ന്’ രമേശ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇക്കാലയളവിൽ അനിയന്ത്രിതമായ വിദ്വേഷ പ്രസംഗവും പൗരസ്വാതന്ത്ര്യത്തിനെതിരെയുള്ള അടിച്ചമർത്തലും നടന്നു. ഭരണകക്ഷി സർക്കാറിന്റെ വിമർശകരെ നിരന്തരം അധിക്ഷേപിക്കുന്നതായും മനഃപൂർവ്വം വെറുപ്പും മതഭ്രാന്തും പ്രചരിപ്പിക്കുന്നതായും പ്രതിഷേധിക്കുന്ന കർഷകരെ ‘ഖാലിസ്ഥാനികൾ’ എന്ന് മുദ്രകുത്തിയതായും ജാതി സെൻസസിന്റെ വക്താക്കളെ ‘അർബൻ നക്സലുകൾ’ എന്ന് ആക്ഷേപിച്ചതായും ജയറാം രമേശ് ആരോപിച്ചു.
‘മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുന്നു. ന്യൂനപക്ഷങ്ങൾ അവരുടെ ജീവനും സ്വത്തിനും അപായമുണ്ടാവുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ദലിതരെയും മറ്റ് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും അനുപാതമില്ലാതെ ലക്ഷ്യം വെക്കുകയുണ്ടായി. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന മന്ത്രിമാർക്ക് സ്ഥാനക്കയറ്റം നൽകിയെന്നും അദ്ദേഹം തുറന്നടിച്ചു.
ഭരണഘടനക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട രമേശ്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പുതിയ ഭരണഘടനക്കായി ജനവിധി തേടുകയും ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ വഞ്ചിക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് ആ ജനവിധി നിഷേധിച്ചു. നിലവിലുള്ള ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി സംരക്ഷിക്കുന്നതിനും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അവർ വോട്ട് ചെയ്തത്- കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.
സി.എ.ജി അപ്രസക്തമായി. തെരഞ്ഞെടുപ്പ് കമീഷന്റെ സമഗ്രതയിൽ ഗുരുതരമായി വിട്ടുവീഴ്ച ചെയ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമഗ്രതയെക്കുറിച്ചുള്ള ഗൗരമേറിയ ചോദ്യങ്ങൾ അവഗണിക്കപ്പെട്ടു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതിനാണ് വോട്ടെടുപ്പ് സമയവും ഘട്ടങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും മുതിർന്ന ബി.ജെ.പി നേതാക്കളുടെയും ഭിന്നിപ്പിക്കുന്ന വാചാടോപങ്ങൾക്കിടയിൽ കമീഷൻ മൗനം പാലിച്ചു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ തകർന്നുവെന്നും പ്രതിപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകളുടെ പതനത്തിന് ബി.ജെ.പി പണശക്തി ഉപയോഗിച്ചുവെന്നും നിയമസഭാംഗങ്ങളെ പലപ്പോഴും വിലക്കുവാങ്ങിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബില്ലുകൾ തടയുന്നതിനും സർവകലാശാല നിയമനങ്ങളിൽ ഇടപെടുന്നതിനും ഗവർണറുടെ ഓഫിസ് ദുരുപയോഗം ചെയ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് അവരുടെ അവകാശപ്പെട്ട വരുമാന വിഹിതം നഷ്ടപ്പെടുത്തുന്നതിന് സെസ്സുകൾ അമിതമായി ഉപയോഗിച്ചുകൊണ്ട് കേന്ദ്രം ഭരണഘടനാപരമായ സാമ്പത്തിക ക്രമീകരണ വ്യവസ്ഥ മറികടന്നുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.