സ്വയം പ്രഖ്യാപിത രാഷ്ട്രീയ പ്രവാസം അവസാനിപ്പിക്കാനൊരുങ്ങി ഉമാ ഭാരതി; പാർട്ടിക്ക് താൽപര്യമില്ലാഞ്ഞിട്ടും യു.പി തെരഞ്ഞെടുപ്പിൽ കണ്ണ്

ലക്നോ: കുറച്ചുകാലമായി ശ്രദ്ധ ലഭിക്കാത്തതിനെ തുടർന്ന് സ്വയം പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് തന്റെ സാന്നിധ്യവും ദൃശ്യപരതയും വർധിപ്പിക്കാനുള്ള പദ്ധതികളിലാണ് ഹിന്ദുത്വ നേതാവ് ഉമാഭാരതി. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മധ്യപ്ര​ദേശിൽ നിന്നുള്ള അവരുടെ പ്രസ്താവനയെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അങ്ങനെയെങ്കിൽ യു.പിയിലെ തന്റെ പഴയ മണ്ഡലമായ ഝാൻസിയിൽ നിന്നായിരിക്കുമെന്നായിരുന്നു അവരുടെ വാക്കുകൾ. എന്നാൽ, പാർട്ടിയിലെ പല നേതാക്കൾക്കും അവരുടെ മടങ്ങിവരവിനോട് യോജിപ്പില്ലെന്നാണ് റിപ്പോർട്ട്.

‘രാഷ്ട്രീയത്തിൽ ഞാൻ പാർശ്വവൽക്കരിക്കപ്പെട്ടിട്ടില്ല. പശുവിന്റെയും ഗംഗയുടെയും ലക്ഷ്യത്തിനായി ഞാൻ പൂർണ സമർപണത്തോടെ പ്രവർത്തിക്കുന്നു. അതല്ലാതെ, എനിക്ക് രാഷ്ട്രീയത്തിൽ മറ്റൊരു വ്യക്തിപരമായ താൽപര്യവുമില്ല’ എന്നും കഴിഞ്ഞ ആഴ്ച മധ്യപ്രദേശിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമാ ഭാരതി പറയുകയുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും നാലു വർഷം ബാക്കിയുണ്ടെന്നും വിവിധ ഘടകങ്ങൾ കണക്കിലെടുത്ത് പാർട്ടി ഹൈകമാൻഡ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നുമാണ് ബി.ജെ.പിയിലെ ചിലർ പറയുന്നത്. ‘തെരഞ്ഞെടുപ്പിന് നാലു വർഷം മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് വ്യത്യസ്തമായി കാണേണ്ടതുണ്ട്. 2029ന് മുമ്പ്, 2027ൽ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. അതിനു മുമ്പ് ശ്രദ്ധാകേന്ദ്രമാകാനും തന്റെ പിന്തുണക്കാരെ രംഗത്തേക്ക് കൊണ്ടുവരാനുമുള്ള ശ്രമമാണിതെന്നാ‘യിരുന്നു ഝാൻസിയിൽ നിന്നുള്ള ഒരു മുതിർന്ന ബി.ജെ.പി നേതാവിന്റെ ഇതിനോടുള്ള പ്രതികരണം.

യു.പിയിലെ പല പാർട്ടി നേതാക്കളും മധ്യപ്രദേശുകാരിയായ ഉമാ ഭാരതിയെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സ്വാഗതം ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിലും, കല്യാൺ സിങ്ങിനുശേഷം സംസ്ഥാനത്ത് ആ പദവിയുള്ള ശക്തനായ ലോധി നേതാവിനെ പാർട്ടിക്ക് ലഭിച്ചിട്ടില്ല. അതിനാൽ, യു.പിയിലെ ലോധി വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള ഉമാ ഭാരതിയുടെ തിരിച്ചുവരവ് തെരഞ്ഞെടുപ്പിലെ ഒരു ഘടകമായി മാറിയേക്കാമെന്നും കുരുതുന്നവരുണ്ട്. അതേസമയം, അവരുടെ സീനിയോറിറ്റിയും വി​വാദപരമായ പരമാർശങ്ങളാൽ അറിയപ്പെടുന്നു എന്നതും കണക്കിലെടുക്കുമ്പോൾ യു.പി ബി.ജെ.പിയിലെ പലരും മടങ്ങിവരവിൽ അസ്വസ്ഥരാണ്.

മധ്യപ്രദേശുകാരിയായതിനാൽ മറ്റൊരു സംസ്ഥാനത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് മത്സരിക്കുന്നതിന്റെ ഉദാഹരണം ഭാരതി ഉദ്ധരിച്ചു. മധ്യപ്രദേശിൽ മാത്രമല്ല, യു.പിയിലും ഉത്തരാഖണ്ഡിലും തനിക്ക് ഒരുപോലെ സ്വീകാര്യതയുണ്ടെന്നും അവർ പറഞ്ഞു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഝാൻസിയിൽ നിന്ന് മത്സരിച്ച ഭാരതി, സമാജ്‌വാദി പാർട്ടിയുടെ ചന്ദ്രപാൽ സിങ് യാദവിനെ 1.90 ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എങ്കിലും, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവർ രാഷ്ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു. 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലോ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അവർ മത്സരിച്ചില്ല.

2023ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരണപട്ടികയിലും ഇടം ലഭിക്കാത്തതിനെ തുടർന്ന്താൻ ഹിമാലയത്തിലേക്ക് പോവുകയാണെന്നും അവിടെ തപസിരിക്കുമെന്നും പറഞ്ഞിരുന്നു.

അതിനുശേഷവും മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ചില ശ്രമങ്ങൾ ഉമാഭാരതി നടത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല. ദീർഘകാലമായി പാർട്ടി നേതൃത്വവുമായി നിലനിൽക്കുന്ന ഭിന്നതയാണ് തിരിച്ചടിയായത്. അന്നത്തെ ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ നിരന്തര വിമർശനം ബി.ജെ.പിയുടെ അമർഷത്തിനിടയാക്കി.

ഒരു കാലത്ത് ഇന്ത്യയിലുടനീളമുള്ള സംഘ്പരിവാർ ശക്തികളെ ആവേശം കൊള്ളിച്ച നേതാവാണ് ഉമാഭാരതി. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ എന്നും പൊതുസമൂഹത്തിന്റെ വിമർശനത്തിനിരയായിരുന്നു അവർ.

Tags:    
News Summary - Uma Bharti set to end self-declared political exile; contests UP elections despite party's disinterest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.