ഉദയനിധി സ്റ്റാലിൻ
ചെന്നൈ: നടി തൃഷക്കെതിരായ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കസ്റ്റഡിയെയും ചോദ്യം ചെയ്യലിനെയും ‘ഒരു കോമഡി അറസ്റ്റ്’ എന്ന് വിശേഷിപ്പിച്ച് ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തതിന് ശേഷം മോചിതനായതിന് പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ ‘സർക്കസ് സർക്കാർ’ എന്ന് വിശേഷിപ്പിച്ച ഉദയനിധി, നടപടി രാഷ്ട്രീയ പ്രതികാരമാണെന്നും ആരോപിച്ചു. വിജയിയെ ‘ഡമ്മി മുഖ്യമന്ത്രി’ എന്നും വിശേഷിപ്പിച്ചു.
വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി ഏകദേശം ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. മോചിതനായി പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവിടെ ഒത്തുകൂടിയ ഡി.എം.കെ പ്രവർത്തകർ ഉദയനിധിയെ മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്.
പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദയനിധി ‘ഈ അറസ്റ്റ് ഞാൻ ഒരു കോമഡിയായിട്ടാണ് കാണുന്നത്. യഥാർഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കാവേരി ജലപ്രശ്നത്തിൽ സർക്കാരിന്റെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ നടപടി’യെന്ന് ആരോപിച്ചു. മുഖ്യമന്ത്രി വിജയിയെ ലക്ഷ്യമിട്ട് ‘ഡമ്മി മുഖ്യമന്ത്രി’ എന്നും അദ്ദേഹം വിമർശിച്ചു.
താൻ നടത്തിയ പ്രസംഗം വളച്ചൊടിച്ചാണ് കേസെടുത്തതെന്നും, യഥാർഥ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കി പ്രചരിപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് വിവാദം സൃഷ്ടിച്ചതെന്നും ഉദയനിധി ആവർത്തിച്ചു. നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ പ്രസംഗം കോപ്പി-പേസ്റ്റ് ചെയ്ത് ദേശീയ മാധ്യമങ്ങളിൽ എത്തിച്ചു... ഞാൻ കലൈഞ്ജറുടെ ചെറുമകനാണ്... മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെ മകൻ... അറസ്റ്റിനെ ഞാൻ ഭയപ്പെടുന്നില്ല. ഞങ്ങൾ ഇതിനെ നിയമപരമായി നേരിടും.’ ഉദയനിധി പറഞ്ഞു. ആരെയും പ്രത്യേകിച്ച് സ്ത്രീകളെ, വേദനിപ്പിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഡി.എം.കെ നേതാവ് പറഞ്ഞു. ‘എന്റെ കുടുംബം എന്നെ അങ്ങനെ വളർത്തിയിട്ടില്ല. ഞാൻ വിവാഹിതനാണ്. ഞാൻ എന്റെ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. എനിക്ക് സഹോദരിമാരുണ്ട്... ഞാൻ ദുരുദ്ദേശ്യത്തോടെ സംസാരിച്ചിട്ടില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു തീവ്രവാദിയെപ്പോലെ തന്നെ കൊണ്ടുപോയെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. കർഷകർ, മേക്കേദാട്ടു അണക്കെട്ട്, കാവേരി ജല തർക്കം എന്നീ വിഷയങ്ങളിൽ ടി.വി.കെ സർക്കാർ പരാജയമാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. ‘ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, എല്ലാ വർഷവും ജൂൺ 12ന് മേട്ടൂർ അണക്കെട്ടിൽ നിന്ന് കർഷകർക്കായി തുടർച്ചയായി വെള്ളം തുറന്നുവിട്ടിരുന്നു. അഞ്ച് മാസമായി, പക്ഷേ ടി.വി.കെ സർക്കാർ കർഷകർക്ക് വെള്ളം നൽകിയിട്ടില്ല... കർണാടക കോൺഗ്രസിനെതിരെ സംസാരിക്കാൻ ടി.വി.കെക്ക് യോഗ്യതയില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉദയനിധിയുടെ കസ്റ്റഡിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ പ്രവർത്തകർ പ്രതിഷേധം നടത്തി. നടപടിയെ രാഷ്ട്രീയ പകപോക്കലെന്ന് വിശേഷിപ്പിച്ച് ഡി.എം.കെ അധ്യക്ഷനും പിതാവുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഭരണകക്ഷിക്ക് അഹങ്കാരമാണെന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിൻ, മുഖ്യമന്ത്രി വിജയിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നും അതിരുകവിഞ്ഞ അഹങ്കാരം നാശം വേഗത്തിലാക്കുമെന്നും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.