ഏക സൂചന ആ ഗ്രാമത്തിന്റെ പേര് മാത്രം; വഴിതെറ്റിയ വയോധികനെ ഒടുവിൽ ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ വീട്ടിലെത്തിച്ചു
ചണ്ഡീഗഢ്: വഴിതെറ്റി വീടിന് നൂറുകണക്കിന് കിലോമീറ്റർ അകലെ എത്തപ്പെട്ട വയോധികന് തുണയായത് യുവാവിന്റെ നിരന്തര പരിശ്രമവും ചാറ്റ്‌ജിപിടിയുടെ സഹായവും. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഫത്തേഗഡ് ഗുജ്‌റാൻ ഗ്രാമവാസിയായ ചമൻ ലാൽ ആണ് ഒടുവിൽ കുടുംബത്തിന്റെ സ്നേഹത്തണലിൽ തിരിച്ചെത്തിയത്. ഓർമകുറവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുള്ളയാളാണ് ചമൻ ലാൽ.
പഞ്ചാബ് സർക്കാരിന്റെ മുഖ്യമന്ത്രിയുടെ തീർത്ഥാടന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 11നാണ് ചമൻ ലാൽ അമൃത്സറിലെ പ്രശസ്തമായ ഹർമന്ദിർ സാഹിബ് സന്ദർശിക്കാനായി യാത്ര തിരിച്ചത്. എന്നാൽ അമൃത്സറിൽ അദ്ദേഹത്തിന് തന്റെ സംഘത്തെ നഷ്ടപ്പെട്ടു. പിന്നീട് റെയിൽവേ സ്റ്റേഷന് സമീപം എത്തപ്പെടുകയായിരുന്നു. അവിടെനിന്നും ബീഹാറിലേക്കുള്ള ട്രെയിനിൽ കയറിയ അദ്ദേഹം 1,200 കിലോമീറ്ററിലധികം അകലെയുള്ള ഗയയിലെത്തി. ഇവിടെ വെച്ചാണ് പ്രാദേശികവാസിയായ നീരജ് എന്ന യുവാവ് അവശതയോടെ ഇരിക്കുന്ന വയോധികനെ കാണുന്നത്. താൻ ആരാണെന്നോ എവിടെനിന്നാണെന്നോ വ്യക്തമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. താൻ താമസിക്കുന്ന ഗ്രാമത്തിന്റെ പേര് ‘ഫത്തേഗഡ് ഗുജ്‌റാൻ’ ആണെന്ന് മാത്രം വയോധികന് ഓർമ്മയുണ്ടായിരുന്നു.
നീരജ് അദ്ദേഹത്തെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണവും പാർപ്പിടവും നൽകി നാല് ദിവസത്തോളം സ്വന്തം കുടുംബാംഗത്തെപ്പോലെ നോക്കി അദ്ദേഹം വയോധികന്റെ വീടന്വേഷിച്ചുതുടങ്ങി. പഞ്ചാബി മാത്രം സംസാരിക്കാൻ അറിയുന്ന ചമൻ ലാലിന്റെ സംസാരത്തിൽനിന്നും ഗ്രാമത്തിന്റെ പേര് മാത്രമായിരുന്നു നീരജിന് ലഭിച്ച ഏക സൂചന.
തുടർന്ന് ഇന്റർനെറ്റ് തിരച്ചിലിലൂടെയും ‘ചാറ്റ്‌ജിപിടി’യുടെ സഹായത്തോടെയും നീരജ് പഞ്ചാബിലെ ആ ഗ്രാമത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. മൂന്ന് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ ലുധിയാന ജില്ലയിലെ മച്ചിവാറ സാഹിബിന് സമീപമുള്ള ഫത്തേഗഡ് ഗുജ്‌റാൻ എന്ന ഗ്രാമമാണ് അതെന്ന് നീരജ് കണ്ടെത്തി.
വിലാസം കൃത്യമായി മനസ്സിലാക്കിയതോടെ, വയോധികനെ ഒറ്റക്ക് അയക്കുന്നതിന് പകരം നീരജ് നേരിട്ട് ഗയയിൽനിന്നും ലുധിയാനയിലേക്കും തുടർന്ന് മച്ചിവാറയിലേക്കുമുള്ള ദീർഘദൂര യാത്രക്ക് കൂടെപ്പോന്നു. മച്ചിവാറയിൽ എത്തിയ നീരജ് അവിടുത്തെ നാട്ടുകാരെ ചമൻ ലാലിന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തി. ഒടുവിൽ ആ പ്രദേശവാസിയായ മാസ്റ്റർ കൃഷൻ ലാൽ ആ വയോധികനെ തിരിച്ചറിഞ്ഞു.
വിവരമറിഞ്ഞ ഉടൻ തന്നെ ചമൻ ലാലിന്റെ ചെറുമകൻ സുഖ്‌കൈൻ സിങ് മച്ചിവാറയിലേക്ക് ഓടിയെത്തി തന്റെ മുത്തശ്ശനാണെന്ന് സ്ഥിരീകരിച്ചു. അമൃത്സറിലുടനീളം വ്യാപകമായ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നുവെന്നും ഗ്രാമവാസികളും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ച് അന്വേഷണം നടത്തിവരികയായിരുന്നുവെന്നും സുഖ്‌കൈൻ സിങ് പറഞ്ഞു.
മുത്തശ്ശനെ സുരക്ഷിതമായി നോക്കിക്കൊണ്ട് ബീഹാറിൽനിന്നും പഞ്ചാബ് വരെ യാത്ര ചെയ്ത് വീട്ടിലെത്തിച്ച നീരജിന് കുടുംബം നന്ദി അറിയിച്ചു. പിന്നീട് നീരജിനെ മാലയിട്ട് സ്വീകരിച്ച കുടുംബം അദ്ദേഹത്തിന് പണവും വസ്ത്രങ്ങളും നൽകി ആദരിക്കുകയും ചെയ്തു. ഗയയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുകയാണ് നീരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.