എൻ. ചന്ദ്രശേഖരൻ
ചന്ദ്രശേഖരന്റ പുനർനിയമനം അസാധുവെന്ന് ടാറ്റ ട്രസ്റ്റ്സ്
ന്യൂഡൽഹി: ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച സെപ്റ്റംബർ 17ലെ ഡയറക്ടർ ബോർഡ് തീരുമാനം നിയമപരമായി അസാധുവാണെന്ന് ടാറ്റ ട്രസ്റ്റ്സ്. കമ്പനിയുടെ ആർട്ടിക്ൾസ് ഓഫ് അസോസിയേഷൻ (എ.ഒ.എ) പ്രകാരം ട്രസ്റ്റ് നാമനിർദേശം ചെയ്ത രണ്ട് ഡയറക്ടർമാരുടെയും അനുകൂല വോട്ട് ആവശ്യമാണ്. ഒരാളുടെ മാത്രം പിന്തുണ ഭൂരിപക്ഷമായി കണക്കാക്കാനാവില്ലെന്നും ചെയർമാന്റെ കാസ്റ്റിങ് വോട്ടിലൂടെ ഈ വ്യവസ്ഥ മറികടക്കാനാകില്ലെന്നും ട്രസ്റ്റ്സ് വ്യക്തമാക്കി.
ചന്ദ്രശേഖരന് അഞ്ചുവർഷംകൂടി കാലാവധി നൽകാനുള്ള പ്രമേയം ടാറ്റ സൺസ് ബോർഡ് 4-1 വോട്ടിനാണ് അംഗീകരിച്ചത്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ എതിർത്തപ്പോൾ മറ്റൊരു ട്രസ്റ്റ് പ്രതിനിധിയായ വേണു ശ്രീനിവാസൻ അനുകൂലിച്ചു. ആകെ വോട്ടുനില പ്രസക്തമല്ലെന്നും ട്രസ്റ്റ് പ്രതിനിധികളുടെ നിർബന്ധിത പിന്തുണ ലഭിക്കാത്തതിനാൽ പ്രമേയം തുടക്കംമുതൽ അസാധുവാണെന്നുമാണ് ട്രസ്റ്റ്സിന്റെ നിലപാട്.
സൈറസ് മിസ്ത്രി കേസിൽ ഇതേ എ.ഒ.എ വ്യവസ്ഥകളെ ടാറ്റ സൺസ് സുപ്രീംകോടതിയിൽ ന്യായീകരിച്ചിരുന്നുവെന്നും ഇപ്പോൾ അവ തള്ളിപ്പറയാനാകില്ലെന്നും ട്രസ്റ്റ്സ് ചൂണ്ടിക്കാട്ടി. ടാറ്റ സൺസിനെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തെയും ട്രസ്റ്റ്സ് എതിർത്തു. അതേസമയം, ചന്ദ്രശേഖരന്റെ പുനർനിയമനം സാധുവാണെന്ന നിലപാടിലാണ് ടാറ്റ സൺസ്.
അതേസമയം, ടാറ്റ സൺസ് തർക്കത്തിൽ ടാറ്റ ട്രസ്റ്റ്സിനുവേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നത് ദുഃഖത്തോടെയും ഖേദത്തോടെയുമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി പറഞ്ഞു. പ്രശ്നം സൗഹാർദപരമായി പരിഹരിക്കാൻ കഴിയാതെപോയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിയുടമകളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഇന്ത്യൻ കമ്പനികളുടെ കോർപറേറ്റ് ഭരണത്തിന് വിനാശകരമാകും. ടാറ്റ ട്രസ്റ്റ്സും ടാറ്റ സൺസും തമ്മിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ബന്ധം തകർക്കാനാവില്ലെന്നും സിങ്വി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.