എംഎൽഎ എത്തിയത് റോൾസ് റോയ്സ് കള്ളിനനിൽ; ഒരു വർഷത്തിനുള്ളിൽ വാഹനം വാങ്ങിയതെങ്ങനെ? രാഷ്ട്രീയക്കാർ നന്നായി ജീവിക്കുന്നതിൽ ചിലർക്ക് വിഷമമെന്ന് കങ്കണ
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ റോൾസ് റോയ്സ് കള്ളിനനിൽ എത്തിയ ബിഹാർ എം.എൽ.എയും ഗായികയുമായ മൈഥിലി ഠാക്കൂറിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. മുംബൈയിലെ ലാൽബാഗ്ചാ രാജ മണ്ഡപത്തിൽ എം.എൽ.എ റോൾസ് റോയ്സ് കള്ളിനനിൽ വന്നിറങ്ങിയതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.
സെപ്റ്റംബർ 15നാണ് മൈഥിലി ഠാക്കൂർ മുംബൈയിലെ ലാൽബാഗ്ചാ രാജ ദർശനത്തിനെത്തിയത്. നീല നിറത്തിലുള്ള റോൾസ് റോയ്സ് കള്ളിനനിൽ ഡ്രൈവർക്കൊപ്പം ഇരിക്കുന്ന മൈഥിലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാഹനത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽതന്നെ ഇത്രയും വിലയേറിയ വാഹനത്തിൽ എത്തിയതിനെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തുകയായിരുന്നു.
2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മൈഥിലി 3.82 കോടി രൂപയുടെ ആസ്തിയും ബാധ്യതകളില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഹോണ്ട ആക്ടിവ, സ്വർണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും റോൾസ് റോയ്സ് രേഖപ്പെടുത്തിയിരുന്നില്ല. 10 കോടിയിലധികം വരും റോൾസ് റോയ്സ് കള്ളിനന്റെ വില.
അതേസമയം, മൈഥിലി ഠാക്കൂറിനെതിരായ വിമർശനങ്ങൾക്കിടെ പിന്തുണയുമായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. ജനപ്രതിനിധികൾക്ക് സ്വന്തം കരിയറും ജീവിതവും ഉണ്ടാകാമെന്നും പൊതുസേവനത്തിലാണെന്ന പേരിൽ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. വിമർശനങ്ങൾക്ക് പിന്നാലെയാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. ജനപ്രതിനിധികൾ പൊതുസേവനം നടത്തുന്നതിനൊപ്പം സ്വന്തം കരിയറും ജീവിതവും തുടരുന്നവരാണെന്ന് കങ്കണ പറഞ്ഞു. രാഷ്ട്രീയപ്രവർത്തകരെ ദരിദ്രരായി മാത്രം ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണെന്നും അവർ പ്രതികരിച്ചു. ‘രാഷ്ട്രീയക്കാർ നന്നായി ജീവിക്കുന്നത് കാണുമ്പോൾ ചിലർക്ക് വിഷമം തോന്നുന്നു. എന്തുകൊണ്ട് നമുക്കും നന്നായി ജീവിച്ചുകൂടാ?’ കങ്കണ കുറിച്ചു.
‘രാഷ്ട്രീയക്കാർ നല്ല ജീവിതം നയിക്കുന്നത് കാണുമ്പോഴെല്ലാം ചിലർക്ക് പെട്ടെന്ന് വിഷമം വരും. ഇപ്പോൾ നമ്മുടെ യുവ എം.എൽ.എ ആഡംബര കാർ ഉപയോഗിക്കുന്നതിന്റെ പേരിൽ ട്രോളുകൾ നേരിടുന്നു. നമ്മൾ സാമൂഹിക സേവനത്തിൽ ആകൃഷ്ടരാകാം, പക്ഷേ നമുക്ക് സ്വന്തമായി ഒരു കരിയർ, ജീവിതം, പ്രശസ്തി എന്നിവയുണ്ട്. നമ്മൾ നിസ്വാർത്ഥമായി പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്നു, പക്ഷേ നമ്മൾ നന്നായി ജീവിക്കുന്നത് കണ്ടാൽ ചിലർക്ക് വേദന തോന്നുന്നു. എന്തുകൊണ്ട്? നമുക്ക് നന്നായി ജീവിക്കാൻ കഴിയില്ല? നമുക്ക് പൊതു പണത്തിൽ താൽപര്യമില്ല. പക്ഷേ നമ്മൾ ദരിദ്രരും നിർജീവവുമായി തുടരണമെന്ന് പ്രതീക്ഷിക്കുന്നത് വളരെ യുക്തിരഹിതമാണ്’ കങ്കണ റണാവത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം, ലാൽബാഗ്ചാ രാജയിലെത്തിയ റോൾസ് റോയ്സ് മൈഥിലിയുടെ സ്വന്തം വാഹനമാണോ, മറ്റാരുടേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗായികയായി ശ്രദ്ധ നേടിയ മൈഥിലി ഠാക്കൂർ 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. അലിനഗർ മണ്ഡലത്തിൽനിന്ന് വിജയിച്ച അവർ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.