സനാതന പാരമ്പര്യത്തെ അപമാനിക്കുന്നു; ഹമീദ് അൻസാരിയുടെ പരാമർശങ്ങൾക്കെതിരെ യോഗി ആദിത്യനാഥ്
നോയിഡ: മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരിയുടെ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അൻസാരിയുടെ പ്രസ്താവനകൾ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും രാജ്യത്തിന്റെ സനാതന പാരമ്പര്യത്തെയും ഹിന്ദു സംസ്കാരത്തെയും അപമാനിക്കുന്നതാണെന്നും യോഗി ആരോപിച്ചു.
ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിൽ നടന്ന ‘പ്രേരണ വിമർശ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യങ്ങളെ ഭീഷണിയായി കാണരുതെന്നും യോഗി പറഞ്ഞു.
ശനിയാഴ്ച ന്യൂഡൽഹിയിൽ ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായിരുന്ന എ.ജി. നൂറാനിയെ അനുസ്മരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഹമീദ് അൻസാരി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അഭിപ്രായം ഉദ്ധരിച്ചത്. ഇന്ത്യക്ക് യഥാർഥ ഭീഷണി കമ്മ്യൂണിസമല്ല, ഹിന്ദു വലതുപക്ഷ സാമുദായികതയാണെന്ന നെഹ്‌റുവിന്റെ നിലപാടാണ് അൻസാരി പരാമർശിച്ചത്. നൂറാനിയുടെ ‘ദി ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ’ എന്ന പുസ്തകവും അദ്ദേഹം പരാമർശിച്ചിരുന്നു.
അൻസാരിയുടെ പരാമർശങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും സനാതന പാരമ്പര്യത്തെയും ഹിന്ദു സംസ്കാരത്തെയും അപമാനിക്കുകയും അവയെ ഭീകരതയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യോഗി ആരോപിച്ചു. സനാതന ധർമ്മത്തിന്റെ പാരമ്പര്യമുള്ള രാജ്യമായതിനാലാണ് ഇന്ത്യ ആഗോളതലത്തിൽ മതനിരപേക്ഷ രാഷ്ട്രമായി നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും യോഗി വിമർശിച്ചു. ‘ഝൂഠ് കി ഗൂഞ്ച്’ പരിപാടിയിലൂടെ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ എന്നിവരെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ സാമൂഹിക പാരമ്പര്യമെന്നും യോഗി പറഞ്ഞു.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് ഉൾപ്പെടെയുള്ള മേഖലകളിൽ സർക്കാർ അവസരങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യസമര സേനാനികളായ ഝാൽകാരി ബായി, റാണി അവന്തിബായി ലോധി, ഉദാ ദേവി എന്നിവരുടെ പേരിൽ മൂന്ന് പി.എ.സി. ബറ്റാലിയനുകൾക്ക് പേര് നൽകിയതായും യോഗി പറഞ്ഞു.
ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരാണ് ഇന്ത്യയിലെ നാല് പ്രധാന ജാതികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.